IPL 2025: എന്തുകൊണ്ട് ധോണി വൈകി ബാറ്റ് ചെയ്യുന്നത്, ആ കാരണം മനസിലാക്കി അയാളെ ട്രോളുക: സ്റ്റീഫൻ ഫ്ലെമിംഗ്

അവസാന സ്ഥാനത്ത് കിടക്കുന്ന ടീമുകളുടെ പോരിൽ ചെന്നൈ സൂപ്പർ കിങ്സിന് തോൽവിയെറ്റ് വാങ്ങിയിരുന്നു . രാജസ്ഥാൻ റോയൽസാണ് ചെന്നൈയെ 6 റൺസിന് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാൻ ഉയർത്തിയ 184 റൺ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയുടെ പോരാട്ടം 176-6 റൺസിൽ അവസാനിക്കുക ആയിരുന്നു . ഇന്നലെ രാജസ്ഥാൻ കൂടി ജയിച്ചതോടെ സീസണിൽ എല്ലാ ടീമുകളും ഒരു മത്സരത്തിൽ എങ്കിലും ജയം സ്വന്തമാക്കി.

7 മുതൽ 9 വരെ സ്ഥാനങ്ങൾക്കിടയിൽ ബാറ്റ് ചെയ്യുന്ന ധോണി ഈ മത്സരത്തിൽ 7-ാം സ്ഥാനത്താണ് ഇറങ്ങിയത്. ബാംഗ്ലൂരിനെതിരെ നടന്ന പോരിൽ ഒമ്പതാം നമ്പറിൽ ബാറ്റ് ചെയ്യാൻ എത്തിയ ധോണിക്ക് വലിയ രീതിയിൽ ഉള്ള വിമർശനമാണ് കേട്ടത്. 16 പന്തിൽ 30 റൺ നേടിയെങ്കിലും തോൽവി ഉറപ്പിച്ച ഘട്ടത്തിൽ ആണ് താരം ബാറ്റിംഗിന് ഇറങ്ങിയത്.

മത്സരശേഷം നടന്ന പത്രസമ്മേളനത്തിൽ ധോണിയുടെ ബാറ്റിംഗ് പൊസിഷനെക്കുറിച്ച് ഫ്ലെമിംഗ് സംസാരിച്ചു, വിക്കറ്റ് കീപ്പിംഗ് ചുമതലകൾ നിർവഹിക്കുന്നതിനാൽ ധോണിയുടെ ശാരീരിക അവസ്ഥ നല്ല രീതിയിൽ നോക്കേണ്ടത് ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ” ധോണിയുടെ അവസ്ഥ അയാൾക്ക് അറിയാം. അവന്റെ ശരീരം, അവന്റെ കാൽമുട്ടുകൾ പഴയതുപോലെയല്ല. 10 ഓവറുകൾ മുഴുവൻ ഓടി കളിക്കാനുള്ള ഫിറ്റ്നസ് അയാൾക്ക് ഇപ്പോൾ ഇല്ല. എന്നാലും അയാൾ സാഹചര്യം നോക്കി കളിക്കുന്നു” ഫ്ലെമിംഗ് വിശദീകരിച്ചു.

മത്സര സാഹചര്യങ്ങൾക്കനുസരിച്ച്, 13 അല്ലെങ്കിൽ 14 ഓവർ മുതൽ ധോണി ബാറ്റ് ചെയ്യുന്നതാണ് ടീം ഇഷ്ടപ്പെടുന്നതെന്ന് സി‌എസ്‌കെ പരിശീലകൻ സൂചിപ്പിച്ചു. “കഴിഞ്ഞ വർഷവും ഞാൻ അത് പറഞ്ഞിരുന്നു, അദ്ദേഹം ഞങ്ങൾക്ക് വളരെ വിലപ്പെട്ടവനാണ്. വിക്കറ്റ് കീപ്പിങ്ങും നായക മികവും ഒരേ പോലെ ധോണി കൊണ്ടുവരുന്നു.” ഫ്ലെമിംഗ് പറഞ്ഞു.

എന്തായാലും മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ടെണ്ണത്തിൽ പരാജയപ്പെട്ട ചെന്നൈ നിരയിൽ ഏറ്റവും കൂടുതൽ വിമർശനം കേൾകുന്നത് ധോണിക്ക് ആണ്.