ഇന്ത്യന്‍ പ്രീമിയര്‍ലീഗില്‍ അടുത്തയാഴ്ച കളി തുടങ്ങാനിരിക്കെ ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ കോടികള്‍ സംരക്ഷിക്കപ്പെട്ട് ദക്ഷിണാഫ്രിക്കയുടെ തീരുമാനം. മെഗാലേലത്തില്‍ ഫ്രാഞ്ചൈസികള്‍ കോടികള്‍ നല്‍കി വിലയ്‌ക്കെടുത്ത താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കാനുണ്ടാകുമെന്ന് ഉറപ്പായി. ബംഗ്‌ളാദേശിനെതിരേ നടക്കാനിരിക്കുന്ന ക്രിക്കറ്റ് പരമ്പരയില്‍ നിന്നും ഐപിഎല്ലില്‍ കളിക്കാനുള്ള താരങ്ങളെ ഒഴിവാക്കി ദക്ഷിണാഫ്രിക്ക ടീമിനെ പ്രഖ്യാപിച്ചു. മാര്‍ച്ച് 31 മുതലാണ് ബംഗ്‌ളാദേശിന് എതിരേ ദക്ഷിണാഫ്രിക്ക നാട്ടില്‍ പരമ്പര കളിക്കുന്നത്.
ഫസ്റ്റ് ചോയ്‌സ് ഫാസ്റ്റ് ബൗളര്‍മാരായ കാഗിസോറബാഡ, ലുംഗി എന്‍ഗിഡി, മാര്‍ക്കോ ജെന്‍സണ്‍ എന്നിവരും ബാറ്റസ്മാന്‍മാരായ എയ്ഡന്‍ മാര്‍ക്രം, റാസി വന്‍ ഡെ ഡുസന്‍, എന്നിവരും ഐപിഎല്ലില്‍ കളിക്കും. നേരത്തേ ഐപിഎല്‍ വേണമോ രാജ്യത്തിന്റെ ടെസ്റ്റ് പരമ്പര വേണോ എന്ന് കളിക്കാര്‍ക്ക് തീരുമാനിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. ടെസ്റ്റ് നായകന്‍ ഡീന്‍ എല്‍ഗാര്‍ രാജ്യത്തിനോടാണോ ഐപിഎല്ലിനോടാണോ കളിക്കാര്‍ക്ക് കൂറെന്ന് അറിയാനുള്ള ലിറ്റ്മസ് ടെസ്റ്റാണ് ഇതെന്നും പറഞ്ഞിരുന്നു.
സീനിയര്‍ താരങ്ങള്‍ രാജ്യത്തോടുള്ള വിശ്വാസ്യതയ്ക്ക് മേല്‍ സമ്പത്തിനോടുള്ള വിശ്വാസ്യത പ്രകടമാക്കിയപ്പോള്‍ പുതിയതായി ചില കളിക്കാര്‍ക്ക് ടെസ്റ്റ് അരങ്ങേറ്റം നടത്താനുള്ള അവസരം കൂടിയാണ് കിട്ടുന്നത്. മദ്ധ്യനിര ബാറ്റ്‌സ്മാന്‍ ഖായാ സോണ്ടോയ്ക്ക് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരം കിട്ടിയപ്പോള്‍ ഡാരിന്‍ ഡുപ്പാവിലനു രാജ്യത്തിന്റെ ജഴ്‌സിയില്‍ ഇറങ്ങാനുള്ള അവസരവും ആദ്യമായി കിട്ടി. അതേസമയം പരിക്കേറ്റ് ദീര്‍ഘനാളായി ടീമില്‍ നിന്നും മാറി നില്‍ക്കുന്ന ആന്റിച്ച് നോര്‍ജേയെ ടീമില്‍ പരിഗണിച്ചില്ല. കഴിഞ്ഞ നവംബറില്‍ യുഎഇ യില്‍ നടന്ന ടിട്വന്റി ലോകകപ്പില്‍ കളിച്ച ശേഷം നേര്‍ജേ ഇതുവരെ ടീമില്‍ തിരിച്ചെത്തിയിട്ടില്ല.
Read more
മാര്‍ച്ച് 26 നാണ് ഐപിഎല്‍ തുടങ്ങുന്നത്. ഐപിഎല്‍ വേണോ രാജ്യാന്തര മത്സരം വേണോ എന്ന സൗത്താആഫ്രിക്കന്‍ ക്രിക്കറ്റിന്റെ ചോദ്യത്തിന് ക്രിക്കറ്റ് ബോര്‍ഡ് ഒരിക്കലും ഐപിഎല്‍ കളിക്കുന്നതില്‍ താരങ്ങള്‍ക്ക് എതിര് നില്‍ക്കരുതെന്നായിരുന്നു ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് കളിക്കാരുടെ സംഘടന നല്‍കിയ നിര്‍ദേശം. ഐപിഎല്‍ സംഘാടകരും ക്രിക്കറ്റ് ബോര്‍ഡുകളും ഒരുപോലെ കളിക്കാര്‍ക്ക് കളിക്കാനുള്ള അവസരം നല്‍കണമെന്നും ഒരേ സമയം ദേശീയ ടീമില്‍ കളിക്കാനും അതിനൊപ്പം ഉപജീവനത്തിനുള്ള പണം സമ്പാദിക്കാനും അവസരം നല്‍കണമെന്നാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ പറഞ്ഞത്.