അത്രമാത്രം കഠിനമേറിയ ട്രാക്ക് ആയിരുന്നു അത്, എന്നിട്ടും ഞാൻ അവിടെ സെഞ്ച്വറി നേടി; പ്രിയപ്പെട്ട ഇന്നിങ്സിനെക്കുറിച്ച് തുറന്നടിച്ച് വിരാട് കോഹ്‌ലി

ബിസിസിഐ പങ്കിട്ട വിഡിയോയിൽ വിരാട് കോഹ്‌ലി ഓസ്‌ട്രേലിയയിൽ നേടിയ തന്റെ പ്രിയപ്പെട്ട സെഞ്ചുറിയെക്കുറിച്ച് അടുത്തിടെ സംസാരിച്ചു. താൻ ടെസ്റ്റിൽ നേടിയ 29 സെഞ്ചുറികളിൽ ആറെണ്ണമാണ് താരം ഓസ്‌ട്രേലിയയിൽ നേടിയത്. 2014-25ൽ ഒരു പര്യടനത്തിൽ നാല് സെഞ്ചുറികളാണ് കോഹ്‌ലി അവിടെ അടിച്ചുകൂട്ടിയത്.

2014ലെ ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ അഡ്‌ലെയ്ഡ് ടെസ്റ്റിൽ തുടർച്ചയായ രണ്ട് സെഞ്ചുറികൾ കോഹ്‌ലി നേടിയിരുന്നു. അദ്ദേഹത്തിന്റെ ആരാധകർക്ക് ഒരുപാട് ഇഷ്ടമുള്ള സെഞ്ച്വറി നേട്ടവും ഇതാണ്, എന്നിരുന്നാലും, 2018ൽ പെർത്തിൽ നേടിയ സെഞ്ചുറിയാണ് തന്റെ പ്രിയപ്പെട്ട സെഞ്ച്വറി നേട്ടമായി കോഹ്‌ലി തിരഞ്ഞെടുത്തത്. 2018-19 ലെ നാല് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ 257 പന്തിൽ നിന്ന് 123 റൺസ് അദ്ദേഹം നേടിയിരുന്നു. ബാറ്റ് ചെയ്യാൻ എളുപ്പമുള്ള ട്രാക്ക് ആയിരുന്നില്ല അന്ന് പെർത്തിൽ ഉണ്ടായിരുന്നത്. എന്നിട്ടും മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടാൻ താരത്തിനായി.

എന്നാൽ മത്സരത്തിൽ ഇന്ത്യ 146 റൺസിന് തോറ്റു. ടെസ്റ്റ് ക്രിക്കറ്റിൽ താൻ ബാറ്റ് ചെയ്ത ഏറ്റവും വെല്ലുവിളി നിറഞ്ഞ ട്രാക്കായിരുന്നു അതെന്ന് കോഹ്‌ലി പറഞ്ഞു. “2018-19 പരമ്പരയിലെ പെർത്തിൽ എൻ്റെ സെഞ്ച്വറി തീർച്ചയായും ഓസ്‌ട്രേലിയയിലെ എൻ്റെ മികച്ച ഇന്നിംഗ്‌സാണ്. ടെസ്റ്റ് ഫോർമാറ്റിൽ ഞാൻ കളിച്ചതിൽ വച്ച് ഏറ്റവും കഠിനമായ പിച്ചായിരുന്നു അത്. സെഞ്ച്വറി നേടാനായത് വലിയ കാര്യമായിരുന്നു,.” കോഹ്‌ലി പറഞ്ഞു.

ഓസ്‌ട്രേലിയയിൽ 13 ടെസ്റ്റുകളിൽ നിന്നായി 1352 റൺസാണ് കോഹ്‌ലിയുടെ സമ്പാദ്യം. ആറ് സെഞ്ചുറികൾക്ക് പുറമെ നാല് അർധസെഞ്ചുറികളും താരം നേടിയിട്ടുണ്ട്. 2011-12, 2014-15 ഓസ്‌ട്രേലിയൻ പര്യടനങ്ങളിൽ ടീമിൻ്റെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായിരുന്നു കോഹ്‌ലി.

ഇത്തവണയും കോഹ്‌ലിയുടെ ബാറ്റിലാണ് ഇന്ത്യയുടെ പ്രതീക്ഷ അത്രയും.