കോഹ്‌ലിയും രോഹിതും അയ്യരും ഒന്നും അല്ല, വൈറ്റ് ബോൾ ഫോർമാറ്റിൽ ഇന്ത്യയുടെ ക്ലച്ച് പ്ലെയർ അവനാണ്; തുറന്നടിച്ച് ആകാശ് ചോപ്ര

2025ലെ ചാമ്പ്യൻസ് ട്രോഫിയിലെ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് പ്രകടനത്തെ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര അഭിനന്ദിച്ചു. സീം ബൗളിംഗ് ഓൾറൗണ്ടറാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും വിലയേറിയ കളിക്കാരനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്നലെ ദുബായിൽ നടന്ന 2025 ചാമ്പ്യൻസ് ട്രോഫിയുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിന് 250 റൺസ് വിജയലക്ഷ്യം വെച്ചപ്പോൾ ഹാർദിക് 45 റൺസ് നേടി താരം തിളങ്ങി. പിന്നീട് വലംകൈയ്യൻ സീമർ നാല് ഓവറിൽ 1/22 എന്ന മികച്ച സ്‌പെൽ എറിഞ്ഞ് കിവീസിനെ തകർക്കാൻ സഹായിച്ചു.

തൻ്റെ യൂട്യൂബ് ചാനലായ ‘ആകാശ് ചോപ്ര’യിൽ പങ്കിട്ട വീഡിയോയിൽ, മുൻ ഇന്ത്യൻ ഓപ്പണർ ശ്രേയസ് അയ്യരുടെയും (98 പന്തിൽ 79) അക്‌സർ പട്ടേലിന്റെയും (61 പന്തിൽ 42) പ്രകടനത്തെ അഭിനന്ദിച്ചപ്പോൾ ഹാർദികിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ:

“ഒരു ക്ലച്ച് പ്ലെയർ ഉണ്ടെങ്കിൽ അത് ഹാർദിക് പാണ്ഡ്യയാണ്. വൈറ്റ് ബോൾ ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരൻ അയാളാണെന്നാണ് ഞാൻ പറയുന്നത്. അക്‌സർ പട്ടേലും മികച്ച പ്രകടനമാണ് കളിച്ചത്. ”

“അക്‌സർ നന്നായി ബാറ്റ് ചെയ്ത് തന്നെ എന്തിനാണ് രാഹുലിന് മുമ്പ് തന്നെ അയച്ചത് എന്നതിനുള്ള ഉത്തരം നൽകി. അതിനു ശേഷം ഹാർദിക് പാണ്ഡ്യ വന്നു. അർദ്ധ സെഞ്ച്വറി നേടി ഇല്ലെങ്കിലും അവന്റെ ഭാഗത്ത് നിന്ന് തകർപ്പൻ പ്രകടനമാണ് ഉണ്ടായത്. എന്താണ് തന്റെ റേഞ്ച് എന്ന് അവൻ കാണിച്ചു തന്നു.”

” അവൻ സിക്സ് അടിക്കുന്നതും ഓരോ ഷോട്ടുകൾ അടിക്കുന്നതും അത്ര കൂൾ ആയിട്ടാണ്. സമ്മർദ്ദ ഘട്ടത്തിൽ അവനെ പോലെ നന്നായി കളിക്കാൻ പറ്റുന്ന ഒരു താരം ഇന്ന് ലോകത്തിൽ ഇല്ലെന്ന് തന്നെ പറയാം.” അദ്ദേഹം പറഞ്ഞു.

എന്തായാലും ഹാർദിക് മികവ് തുടരുമ്പോൾ ആ ഓൾ റൗണ്ട് മികവിൽ തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ അത്രയും.