ഐ.പി.എല്‍ പ്രേമികള്‍ ഏറെ മിസ് ചെയ്യുന്ന പ്രകടനങ്ങളിലൊന്ന് പഞ്ചാബ് താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റേതാകും. സീസണില്‍ ഇതുവരെ മികച്ച ഒരു പ്രകടനം മാക്‌സ്‌വെല്ലിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. സീസണില്‍ എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാരുമ്പോള്‍ 58 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായിട്ടുള്ളത്. കുട്ടിക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ മാക്‌സ്‌വെല്ലിന്റെ പ്രകടനം ആരാധകരെ ഏറെ സങ്കടപ്പെടുത്തുന്നതാണ്. അതില്‍ താനും ഏറെ ദുഃഖിതനാണെന്ന് മാക്‌സ്‌വെല്‍ പറയുന്നു.
“എല്ലാവരുടെയും പ്രതീക്ഷയ്ക്കൊത്ത പ്രകടനം എനിക്ക് ഐ.പി.എല്ലില്‍ പുറത്തെടുക്കാനായിട്ടില്ല. ഞാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. പക്ഷേ ഫോമിലേക്ക് ഉയരാന്‍ സാധിക്കുന്നില്ല. എന്റെ കരിയറില്‍ ഇത്രയും മോശമായ ഒരു സമയം ഇതുവരെ ഉണ്ടായിട്ടില്ല. ഇനിയുള്ള മത്സരങ്ങളില്‍ നന്നായി തന്നെ പരിശ്രമിക്കും” മാക്‌സ്‌വെല്‍ പറഞ്ഞു.
രാജ്യാന്തര ക്രിക്കറ്റിനെയും ഐ.പി.എല്ലിനെയും ഒരേ ത്രാസില്‍ അളക്കരുതെന്നും മാക്‌സ്‌വെല്‍ ചൂണ്ടിക്കാട്ടി. “എന്റെ റോള്‍ ഓരോ ഐ.പി.എല്‍ മത്സരത്തിലും വ്യത്യസ്തമാണ്. മിക്ക ഐ.പി.എല്‍ ടീമുകളും അവരുടെ ടീമുകളില്‍ നിരന്തരം മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും. എന്നാല്‍ ഓസ്ട്രേലിയന്‍ ടീമില്‍ ഒരേ പ്ലേയിങ് ഇലവനായിരിക്കും തുടര്‍ച്ചയായ മത്സരങ്ങളിലും കാണാന്‍ സാധിക്കുക. അതുകൊണ്ട് തന്നെ ടീമില്‍ അവരവരുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് താരങ്ങള്‍ക്ക് വ്യക്തതയുണ്ട്” മാക്സ്വെല്‍ പറഞ്ഞു.
Read more
നിലവില്‍ അഞ്ചാം നമ്പറിലാണ് പഞ്ചാബ് നിരയില്‍ മാക്‌സ്‌വെല്‍ ഇറങ്ങുന്നത്. മുന്‍നിരയിലെ ആദ്യ നാല് ബാറ്റ്സ്മാന്മാര്‍ക്ക് പിന്തുണ നല്‍കാനാണ് മാനേജ്മെന്റ് ആവശ്യപ്പെടുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. 2014, 2015, 2016, 2017 സീസണുകളില്‍ മാക്‌സ്‌വെല്‍ കിംഗ്‌സ് ഇലവനായി കളിച്ചിട്ടുണ്ട്. 2018 -ല്‍ ഇദ്ദേഹത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് വാങ്ങി. എന്നാല്‍ 2020 സീസണില്‍ 10.75 കോടി രൂപയ്ക്ക് പഞ്ചാബ് വീണ്ടും മാക്‌സ്‌വെല്ലിനെ ടീമിലെത്തിക്കുകയായിരുന്നു.