INDIAN CRICKET: സൂര്യ മുംബൈ വിടുമെന്ന് ആരാടോ പറഞ്ഞേ? ഒടുവില്‍ മൗനം വെടിഞ്ഞ് അസോസിയേഷന്‍, ഇത്രയ്ക്കും വേണ്ടിയിരുന്നില്ല

ആഭ്യന്തര ക്രിക്കറ്റില്‍ സ്വന്തം ടീമായ മുംബൈ വിട്ട് ഗോവയിലേക്ക് മാറുകയാണെന്ന് യശസ്വി ജയ്‌സ്വാള്‍ അറിയിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. താരത്തിന്റെ പ്രഖ്യാപനം ആദ്യം ഞെട്ടലുണ്ടാക്കിയെങ്കിലും പിന്നീട് ആരാധകര്‍ ഏറ്റെടുത്തു. യശസ്വിയുടെ പ്രഖ്യാപനം വന്ന അതേസമയത്ത് തന്നെയാണ് സൂര്യകുമാര്‍ യാദവും മുംബൈ ടീം വിടുകയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. എന്നാല്‍ ഇതില്‍ പ്രതികരണവുമായി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. ഇത്തരം വാര്‍ത്തകള്‍ പൂര്‍ണമായും നിഷേധിച്ചുകൊണ്ടാണ് എംസിഎ എത്തിയിരിക്കുന്നത്. “സൂര്യകുമാര്‍ യാദവ് മുംബൈ വിട്ട് ഗോവന്‍ ടീമിലേക്ക് പോകുന്നു എന്ന തരത്തിലുളള അഭ്യൂഹങ്ങള്‍ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതേകുറിച്ച് ഇന്ന് രാവിലെ സൂര്യയോട് ഞങ്ങള്‍ സംസാരിക്കുകയും അദ്ദേഹം ഈ വാര്‍ത്ത ശരിയല്ലെന്നും ഒരടിസ്ഥാനവും ഇല്ലാത്തതുമാണെന്നും ഞങ്ങളെ അറിയിച്ചു.

മുംബൈയില്‍ തന്നെ തുടരുമെന്നും ഞങ്ങള്‍ക്കായി കളിക്കുന്നതില്‍ വളരെയധികം അഭിമാനിക്കുന്നുവെന്നും സൂര്യ പറഞ്ഞു. ആയതിനാല്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും മാധ്യമങ്ങള്‍ ഇനിമുതല്‍ വിട്ടുനില്‍ക്കണമെന്നും മുംബൈക്കായി ഞങ്ങളുടെ കളിക്കാര്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ അവരെ പിന്തുണയ്ക്കാനും ഞങ്ങള്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു”, എംസിഎ പ്രതിനിധി പറഞ്ഞു.

അതേസമയം മുംബൈ ഇന്ത്യന്‍സിനായി കഴിഞ്ഞ മത്സരങ്ങളില്‍ ശ്രദ്ധേയ പ്രകടനമാണ് സൂര്യകുമാര്‍ യാദവ് കാഴ്ചവച്ചത്. അന്താരാഷ്ട്ര തലത്തില്‍ ഫോംഔട്ടായ താരം ഐപിഎലിലൂടെ തന്റെ ഫോം വീണ്ടെടുക്കാന്‍ കഠിന പ്രയത്‌നമാണ് നടത്തുന്നത്. ആദ്യ രണ്ട് മത്സരങ്ങളില്‍ തോറ്റെങ്കിലും മൂന്നാം മത്സരത്തില്‍ കൊല്‍ക്കത്തയെ തോല്‍പ്പിച്ച് ശ്രദ്ധേയ തിരിച്ചുവരവാണ് മുംബൈ ടീം നടത്തിയത്. ഈ മത്സരത്തില്‍ ഒമ്പത് പന്തില്‍ 27 റണ്‍സെടുത്ത് ടീം ടോട്ടലിലേക്ക് കാര്യമായ സംഭാവന നല്‍കാന്‍ സൂര്യകുമാര്‍ യാദവിന് സാധിച്ചിരുന്നു.

Read more