മിച്ചൽ സ്റ്റാർക്ക് ദി വിക്കറ്റ് സ്റ്റാർ, തീപ്പൊരി ബോളിങ്ങിന് മുന്നിൽ അടിപതറി ഇന്ത്യ; ജയ്‌സ്വാളിന്റെ വെല്ലുവിളി ശാപം ആയെന്ന് ആരാധകർ

മിച്ചൽ സ്റ്റാർക്കിനെ തനിക്ക് ഏത് നിമിഷം ആണ് ചൊറിയാൻ തോന്നിയതെന്ന് ഇപ്പോൾ ജയ്‌സ്വാൾ ആലോചിക്കുന്നുണ്ടാകും. ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ സ്റ്റാർകിന്റെ പന്തുകൾക്ക് വേഗത പോരാ എന്ന ജയ്‌സ്വാളിന്റെ പരാമർശം ഇപ്പോൾ ഇന്ത്യൻ ടീമിന് പാരയായി മാറിയിരിക്കുകയാണ്. തന്റെ കഴിവിനെ സംശയിച്ച യുവതാരത്തിന്റെ ഉൾപ്പടെ 6 വിക്കറ്റുകൾ നേടിയ സ്റ്റാർകിന്റെ ബലത്തിൽ ഇന്ത്യയെ തകർത്തെറിഞ്ഞിരിക്കുകയാണ്. രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ഇന്നിംഗ്സ് 180 റൺസിന് അവസാനിച്ചു .

മൂടിക്കെട്ടിയ അന്തരീക്ഷവും പിങ്ക് ബോളും എല്ലാം ചേർന്നപ്പോൾ കളി ഓസ്ട്രേലിയ മത്സരം കണ്ട്രോൾ ചെയ്യുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ആദ്യ പന്തിൽ തന്നെ കഴിഞ്ഞ മത്സരത്തിലെ ഹീറോ ജയ്‌സ്വാൾ (0 ) മടക്കി തുടങ്ങിയ സ്റ്റാർക്ക് തന്നെ സ്ലെഡ്ജ് ചെയ്തതിന് ഉള്ള പണി തിരിച്ച് കൊടുത്തു. ശേഷം ക്രീസിൽ ഉറച്ച ഗില്ലും രാഹുലും ഇന്ത്യൻ സ്കോർ ബോർഡ് ഉയർത്തി. തുടക്കം ഒന്ന് പാളിയ ശേഷം രാഹുലും മികവ് കാണിച്ചതോടെ ഇന്ത്യ ട്രാക്കിൽ ആയെന്ന് തോന്നൽ ഉണ്ടായി.

എന്നാൽ സ്റ്റാർക്ക് തന്നെ വീണ്ടും ആ പൂട്ട് പൊളിച്ചു. സ്ലിപ്പിൽ മാക്സ്വെനി എടുത്ത മനോഹരമായ ക്യാച്ചിന് ഒടുവിൽ രാഹുൽ (38 ) മടങ്ങി. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി അടിച്ച് ഫോമിൽ നിൽക്കുന്ന കോഹ്‌ലിയും 7 വലിയ സംഭാവന നൽകാതെ സ്റ്റാർക്കിന് തന്നെ ഇരയായി മടങ്ങിയതോടെ ഇന്ത്യ വിയർത്തു. ശേഷം അതുവരെ നന്നായി കളിച്ച ഗിൽ (31 ) ബോളണ്ടിന് മുന്നിൽ വീണതോടെ ഇന്ത്യ തകർന്നു. പന്തിനൊപ്പം ആറാം നമ്പറിൽ ഇറങ്ങിയ രോഹിത് 3 റൺ മാത്രമെടുത്ത് ബോളണ്ടിന് ഇരയായി മടങ്ങി.

തുടർന്ന് നായകൻ കമ്മിൻസ് പന്തിനെ മടക്കി ഓസ്‌ട്രേലിയയെ ഡ്രൈവിംഗ് സീറ്റിൽ ഇരുത്തി. തുടർന്ന് നിതീഷ് കുമാർ റെഡിക്കൊപ്പം ക്രീസിൽ ഉറച്ച അശ്വിൻ നന്നായി കളിച്ചെങ്കിലും 22 റൺ എടുത്ത് സ്റ്റാർകിന് ഇരയായി വീണു. തൊട്ടുപിന്നാലെ വന്ന ഹർഷിത് റാണയുടെ സ്റ്റമ്പ് കൂടി തെറിപ്പിച്ച് സ്റ്റാർക്ക് വിക്കറ്റ് നേട്ടം അഞ്ചാക്കി ഉയർത്തി. ശേഷം ബുംറ ( 0 ) കമ്മിൻസിന് ഇരയായിട്ടും നന്നായി കളിച്ച ഇന്ത്യൻ ടോപ് സ്‌കോറർ നിതീഷ് കുമാർ റെഡി 42 റൺ എടുത്ത് സ്റ്റാർക്കിന് ഇരയായി അവസാന വിക്കറ്റായി മടങ്ങി. ഓസ്‌ട്രേലിക്കായി സ്റ്റാർക്ക് 6 വിക്കറ്റും ബോലാൻഡ് കമ്മിൻസ് എന്നിവർ രണ്ട് വിക്കറ്റും വീഴ്ത്തി.