CSK VS KKR: തല പോലെ വരുമാ, ക്യാപ്റ്റനായി തിരിച്ചെത്തുന്ന ധോണിയെ കാത്തിരിക്കുന്നത് ആ രണ്ട് റെക്കോഡുകള്‍, ഇന്ന് തീപാറും, ആവേശത്തില്‍ ആരാധകര്‍

ഐപിഎല്ലില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ക്യാപ്റ്റനായി തിരിച്ചെത്തുകയാണ് എംഎസ് ധോണി. കൈമുട്ടിനേറ്റ പരിക്ക് കാരണം റിതുരാജ് ഗെയ്ക്വാദ് പുറത്തായതോടെയാണ് ടീം മാനേജ്‌മെന്റ് ധോണിയെ വീണ്ടും നായകസ്ഥാനം ഏല്‍പ്പിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഇന്ന്‌ ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിലാണ് ധോണി ക്യാപ്റ്റനായി തിരിച്ചെത്തുക. അഞ്ച് കളികളില്‍ നാല് തോല്‍വിയും ഒരു ജയവും നേടി പോയിന്റ് ടേബിളില്‍ അവസാനക്കാരായ ചെന്നൈയ്ക്ക് ഇന്നത്തെ മത്സരം വളരെ നിര്‍ണായകമാണ്.

അതേസമയം ഇന്നത്തെ മത്സരത്തില്‍ ധോണിയെ കാത്തിരിക്കുന്നത് രണ്ട് റെക്കോഡുകളാണ്. അണ്‍ക്യാപ്ഡ് പ്ലെയര്‍ എന്ന സ്റ്റാറ്റസ് വച്ച് ആദ്യമായി ഐപിഎല്‍ ക്യാപ്റ്റനാവുന്ന പ്ലെയര്‍ എന്ന റെക്കോഡാണ് ഇന്ന് ധോണിയുടെ പേരിലാവുക. രണ്ടാമതായി, നിലവില്‍ 43 വയസുണ്ട് ധോണിക്ക്. ഈയൊരു പ്രായത്തില്‍ ക്യാപ്റ്റനാവുന്നതോടെ തന്റെ തന്നെ റെക്കോഡ് തിരുത്തി ഐപിഎല്ലിലെ എറ്റവും പ്രായം കൂടിയ ക്യാപ്റ്റന്‍ എന്ന റെക്കോഡും അദ്ദേഹം കൊണ്ടുപോവും.

ഐപിഎലില്‍ 133 വിജയങ്ങളാണ് ചെന്നൈ ക്യാപ്റ്റനെന്ന നിലയില്‍ ധോണി നേടിയത്. 14 സീസണുകളില്‍ 12 പ്ലേഓഫുകള്‍ കളിച്ചു. ഇതില്‍ പത്ത് ഫൈനലുകള്‍ കളിച്ച് അഞ്ച് കീരിടങ്ങളാണ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ചെന്നൈ നേടിയത്. ഇത്തവണയും കീരിടം നേടാനായാല്‍ എറ്റവും കൂടുതല്‍ ഐപിഎല്‍ ട്രോഫി നേടുന്ന ക്യാപ്റ്റനാവാനും ധോണിക്ക് സാധിക്കും.

Read more