ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്നലെ നടന്ന നിർണായക പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ 111 പന്തിൽ 100 റൺസ് നേടിയ വിരാട് കോഹ്‌ലി പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. ദുബായിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യൻ വിജയം. പാകിസ്ഥാൻ മുന്നോട്ടുവെച്ച 242 വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 42. ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസം മറികടന്നു. സെഞ്ച്വറി നേടിയ കോഹ്‌ലി തന്നെയാണ് ഇന്ത്യയുടെ ടോപ് സ്കോററും.
ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയ ശേഷം പിന്നെ തിളങ്ങാൻ സാധിക്കാതെ പോയ് കോഹ്‌ലിയുടെ ഫോം ഏവരും ചോദ്യം ചെയ്തിരുന്നു. എന്തിനാണ് ഇയാളെ ടീമിൽ വെക്കുന്നത് എന്ന് വരെ ചോദിച്ചവർ ഏറെയാണ്. എന്തായാലും ഏറ്റവും നിർണായക പോരാട്ടത്തിൽ ടീമിന് ഏറ്റവും ആവശ്യമുള്ളപ്പോൾ തന്നെ താരം ട്രാക്കിലെത്തി താൻ എന്താണെന്ന് ലോകത്തിന് മുന്നിൽ ഒരിക്കൽക്കൂടി കാണിച്ച് കൊടുക്കുക ആയിരുന്നു. അതിനിടെ ഏകദിന ക്രിക്കറ്റിൽ 14,000 റൺസ് തികച്ച കോഹ്‌ലി, ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമായി. കവർ ഡ്രൈവ് കളിച്ചാണ് കോഹ്‌ലി വിജയ റണ്ണും സെഞ്ചുറിയും നേടിയത്.
മത്സരശേഷം കോഹ്‌ലി ഇങ്ങനെ പറഞ്ഞു:
“ഇതൊരു ‘ക്യാച്ച്-22′( ബുദ്ധിമുട്ടേറിയ അവസ്ഥ) ആണ്. വർഷങ്ങളായി ഇത് എൻ്റെ ബലഹീനതയാണ്, പക്ഷേ ആ ഷോട്ടിൽ ഞാൻ ധാരാളം റൺസ് സ്കോർ ചെയ്തിട്ടുണ്ട്. ഇന്ന് പക്ഷെ ആ പ്രതിസന്ധി മറികടന്ന് ഞാൻ നന്നായി കളിച്ചു.എന്തായാലും ഇത്എ നിക്ക് ഒരു നല്ല ഇന്നിംഗ്സായിരുന്നു, ഇത് ഒരു മികച്ച ടീം വിജയമായിരുന്നു,” ഇന്ത്യൻ ക്രിക്കറ്റ് ടീം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ മുൻ ഇന്ത്യൻ നായകൻ പറഞ്ഞു.
അവാർഡ് നേടിയ ശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു:
“ദീർഘനേരം ബാറ്റ് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. സെമി ഫൈനൽ ബെർത്ത് ഉറപ്പിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു, അവസാനം വരെ ക്രീസിൽ തുടരുക എന്നത് എനിക്ക് പ്രധാനമായിരുന്നു. മിഡിൽ ഓവറുകൾ നിയന്ത്രിക്കുകയും ഫാസ്റ്റ് ബൗളർമാരുടെ മേൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുക എന്നതായിരുന്നു എൻ്റെ ജോലി. സ്പിന്നർമാർക്കെതിരെ റിസ്ക് എടുക്കേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു, ”അദ്ദേഹം സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.
തന്റെ കരിയർ തീർന്നു എന്ന് പറഞ്ഞവരെക്കുറിച്ചും കോഹ്‌ലി സംസാരിച്ചു. “പുറത്തുനിന്നുള്ള ആളുകൾ പറയുന്ന കാര്യത്തിൽ ശ്രദ്ധ കൊടുക്കാതെ ട്രോളുകളിൽ ശ്രദ്ധിക്കാതെ മുന്നോട്ട് പോകേണ്ടത് പ്രധാനമാണ്. എനിക്ക് എൻ്റെ കളി അറിയാമായിരുന്നു, എൻ്റെ കഴിവുകളിലായിരുന്നു ശ്രദ്ധ. ഞാൻ എപ്പോഴും എൻ്റെ നൂറു ശതമാനം നൽകാൻ ശ്രമിക്കുന്നു. നിങ്ങൾ കഠിനാധ്വാനം ചെയ്യുമ്പോൾ ദൈവം നിങ്ങൾക്ക് പ്രതിഫലം നൽകുന്നു. അവൻ്റെ സഹായത്തിന് ഞാൻ ദൈവത്തോട് നന്ദിയുള്ളവനാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.