'കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ വേദനിപ്പിക്കാറുണ്ട്'; തുറന്നുപറഞ്ഞ് സഞ്ജു സാംസണ്‍

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ വിഷമം തോന്നാറുണ്ടെന്ന് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍. നല്ലതു കേള്‍ക്കുന്നത് പ്രചോദനമാണെന്നും അതിനാല്‍ താന്‍ കഷ്ടപ്പെട്ടു വളര്‍ന്നു വന്ന സാഹചര്യം ഇപ്പോള്‍ പലവേദിയിലും തുറന്നുപറയാന്‍ ശ്രമിക്കാറുണ്ടെന്നും സഞ്ജു പറഞ്ഞു.

സഞ്ജു സൂപ്പര്‍മാനെന്നൊക്കെ സോഷ്യല്‍മീഡിയയില്‍ വിശേഷണം കാണുമ്പോള്‍ വലിയ സന്തോഷം തോന്നാറുണ്ട്. നന്നായി ചെയ്യുമ്പോള്‍ സൂപ്പര്‍മാനെന്ന് പറയും. രണ്ടു തവണ വേഗം വിക്കറ്റ് പോകുമ്പോള്‍ വേറെ പേര് വന്നുകൊള്ളും. സന്തോഷിക്കേണ്ട സമയം സന്തോഷിക്കണമെന്നാണ് എന്റെ രീതി. കാരണം വിഷമിക്കാനുള്ള സമയവും പിന്നാലെ വരാം.

എന്റെ കളി പിന്നീട് പല തവണ ടിവിയില്‍ കാണാറുണ്ട്. കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ ചെറിയ വിഷമം തോന്നാറുണ്ട്. നല്ലതു കേള്‍ക്കുന്നത് പ്രചോദനവുമാണ്. ഞാന്‍ കഷ്ടപ്പെട്ടു വളര്‍ന്നു വന്ന സാഹചര്യം ഇപ്പോള്‍ ഞാന്‍ പറയാറുണ്ട്. അതു കേട്ടു വളരുന്നവര്‍ക്ക് ഒരു പ്രചോദനമാകട്ടെ എന്നു കരുതിയാണത്- സഞ്ജു പറഞ്ഞു.

ബംഗ്ലാദേശിനെതിരായ ട്വി20 പരമ്പരയിലെ ഉജ്വല സെഞ്ചറി നേട്ടത്തിനു പിന്നാലെ നാട്ടില്‍ മടങ്ങിയെത്തിയ സഞ്ജു തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇക്കാര്യങ്ങല്‍ തുറന്നുപറഞ്ഞത്. ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിലേക്കും തന്നെ പരിഗണിക്കുന്നുണ്ടെന്നും അതിനാല്‍ ഇപ്പോള്‍ അതിനും കൂടിയുള്ള തയ്യാറെടുപ്പുകളിലാണെന്നും താരം വെളിപ്പെടുത്തി.