ജയ്സ്വാളോ ഗില്ലോ അശ്വിനോ ബുംറയോ അല്ല!, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച താരത്തെ തിരഞ്ഞെടുത്ത് രോഹിത്

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 4-1ന് നേടി രോഹിത് ശര്‍മ്മയും കൂട്ടരും ക്രിക്കറ്റ് ലോകത്തിന്‍രെ കൈയടി നേടി. വിരാട് കോഹ്ലി, മുഹമ്മദ് ഷമി, കെഎല്‍ രാഹുല്‍ എന്നിവരുടെ അഭാവത്തില്‍ ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 28 റണ്‍സിന് തോറ്റ ശേഷം ആതിഥേയര്‍ അവിസ്മരണീയമായ തിരിച്ചുവരവാണ് നടത്തിയത്.

രണ്ട് ഇരട്ട സെഞ്ച്വറികള്‍ ഉള്‍പ്പെടെ 700-ലധികം റണ്‍സ് നേടിയ യശസ്വി ജയ്സ്വാളാണ് പ്ലെയര്‍ ഓഫ് ദി സീരീസ്. ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബോളറായി ആര്‍ അശ്വിന്‍ ഫിനിഷ് ചെയ്തു. ശുഭ്മാന്‍ ഗില്‍, ജസ്പ്രീത് ബുംറ, രോഹിത് ശര്‍മ്മ എന്നിവരും പരമ്പരയില്‍ മികച്ചുനിന്നു. എന്നാല്‍ നാല് ടെസ്റ്റുകള്‍ കളിച്ച കുല്‍ദീപ് യാദവിന്റെ പ്രകടനമാണ് രോഹിത്തിനെ ഏറ്റവും സന്തോഷിപ്പിച്ചത്. 4 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 20ന് മുകളില്‍ ശരാശരിയില്‍ 19 വിക്കറ്റുകളാണ് കുല്‍ദീപ് നേടിയത്.

യശസ്വിയും ബുംറയും വിശാഖത്തില്‍ നടന്ന കളിയില്‍ ഞങ്ങളെ വിജയിപ്പിച്ചു. അരങ്ങേറ്റക്കാര്‍ സംഭാവന നല്‍കി. പക്ഷേ എനിക്ക് ഏറ്റവും സന്തോഷം നല്‍കിയത് കുല്‍ദീപ് യാദവ് കളിച്ച നാല് ടെസ്റ്റുകളിലെ പ്രകടനമാണ്. സെറ്റ് ബാറ്റര്‍മാരുടെ സുപ്രധാന വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. കളി നമ്മില്‍ നിന്ന് അകറ്റാന്‍ കഴിയുമായിരുന്ന സാക്ക് ക്രാളിയെയും ബെന്‍ ഡക്കറ്റിനെയും കുല്‍ദീപ് പുറത്താക്കി.

ധര്‍മ്മശാലയില്‍ അദ്ദേഹം മനോഹരമായി പന്തെറിഞ്ഞു, ക്രാളിയെ തിരിച്ചയച്ച രീതി മികച്ചതായിരുന്നു. അദ്ദേഹത്തിന്റെ ബാറ്റിംഗും എന്നെ ആകര്‍ഷിച്ചു. പരമ്പരയില്‍ ബാറ്റുകൊണ്ട് അദ്ദേഹം സംഭാവന നല്‍കി, നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ധ്രുവ് ജുറലുമായുള്ള കൂട്ടുകെട്ട് കളിയെ രക്ഷിച്ചു.

Read more

അദ്ദേഹം വളരെക്കാലമായി തന്റെ ബാറ്റിംഗില്‍ ശരിക്കും കഠിനാധ്വാനം ചെയ്യുന്നു. ബാറ്റിംഗിനിടെ നെറ്റ്‌സില്‍ കൂടുതല്‍ സമയം ചിലവഴിക്കാന്‍ അവന്‍ ഇഷ്ടപ്പെടുന്നു. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് ഇത് അവിസ്മരണീയമായ ഒരു പരമ്പരയായിരുന്നു- രോഹിത് പറഞ്ഞു.