ബ്രോഡിന്റെ വിരമിക്കൽ വാർത്തയുടെ സങ്കടത്തിൽ ഇരിക്കുന്ന ഇംഗ്ലണ്ട് ആരാധകർക്ക് ഇരട്ടി സങ്കടം നൽകിയാണ് മൊയീൻ അലി തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്നലെ പൂർത്തിയായ ആഷസ് പരമ്പരക്ക് ശേഷം ഇംഗ്ലണ്ട് സൂപ്പർ താരം മൊയീൻ അലി തന്റെ ടെസ്റ്റ് വിരമിക്കൽ പ്രഖ്യാപിച്ചു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ പുറകിൽ നിന്ന ശേഷമാണ് ഇംഗ്ലണ്ട് മനോഹരമായി തിരിച്ചുവന്ന് പരമ്പര സമനിലയിലാക്കിയത്.
ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്‌റ്റോക്‌സിന്റെ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് നേരത്തെ തന്നെ വിരമിച്ച മൊയീൻ അലി വിരമിക്കൽ ഉപേക്ഷിച്ച് ഈ ആഷസ് പാരമ്പരയിലേക്ക് തിരികെ എത്തിയത് എന്നത് ശ്രദ്ധിക്കേണ്ട കാര്യം ജാക്ക് ലീച്ച് പരിക്കേറ്റ് പുറത്തായതോടെ, തങ്ങൾക്ക് ഒരു സ്പിന്നർ ആവശ്യം ആണെന്ന് മനസിലാക്കിയ സ്റ്റോക്സ് അലിയെ സമീപിക്കുക ആയിരുന്നു. ക്ഷണം സ്വീകരിച്ച താരം തിരികെ എത്തുക ആയിരുന്നു.
മത്സരത്തിൽ ഓഫ് സ്പിന്നർ കാര്യമായ സ്വാധീനം ചെലുത്തി, പ്രത്യേകിച്ച് അഞ്ചാം ടെസ്റ്റിന്റെ അവസാന ദിനം. പരിക്കുമായി മല്ലിടുമ്പോൾ പോലും മൊയീൻ ഒരുപാട് ബൗൾ ചെയ്യുകയും മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തി തന്റെ ടീമിനെ മികച്ച നിലയിൽ എത്തിക്കുകയും ചെയ്തു. മൊയീൻ അലി ഏഴ് ഇന്നിംഗ്‌സുകളിൽ നിന്ന് ഒരു അർദ്ധ സെഞ്ച്വറി ഉൾപ്പെടെ ഒമ്പത് വിക്കറ്റുകളും 180 റൺസും നേടി.
ബാറ്റിലും പന്തിലുമുള്ള അദ്ദേഹത്തിന്റെ സ്വാധീനം കണക്കിലെടുത്ത്, അടുത്ത വർഷം സുപ്രധാന പരമ്പരയ്ക്കായി അദ്ദേഹം ഇന്ത്യയിലേക്ക് പോകുമോ എന്നതിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നുവരുന്നു. മത്സരശേഷം നടന്ന അവതരണ ചടങ്ങിൽ സംസാരിക്കവെ മൊയ്തീൻ ഇങ്ങനെ പ്രതികരിച്ചു.
“ഇല്ല, ഞാൻ ഇനി കളിക്കില്ല എന്നത് പറയാം. സ്റ്റോക്ക്‌സ് എനിക്ക് വീണ്ടും മെസേജ് അയച്ചാൽ, ഞാൻ അത് ഡിലീറ്റ് ചെയ്യും. ഇനി എന്നെ കൊണ്ട് പറ്റില്ല എന്നതാണ് സത്യം. അത് ഞാൻ മനസിലാക്കുന്നു.”
Read more
ഇന്ത്യയിൽ മികച്ച റെക്കോർഡാണ് മൊയീൻ അലി സ്വന്തമാക്കിയത്. ആറ് ടെസ്റ്റുകളിൽ നിന്ന് രണ്ട് സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും ഉൾപ്പെടെ 39.09 ശരാശരിയിൽ 430 റൺസാണ് താരം ഇന്ത്യൻ മണ്ണിൽ നേടിയത്. തന്റെ മികച്ച ഓഫ് സ്പിന്നിലൂടെ 18 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.