ഒന്നിനും തെളിവില്ല!, ഹൈക്കോടതിക്കുള്ളിലും വെളിയില്‍ മാധ്യമങ്ങള്‍ക്ക് മുന്നിലും മാപ്പ് പറഞ്ഞ് ബിജെപി നേതാവ്; ഏഴ് വര്‍ഷം ഗോപാലകൃഷ്ണനെ വിടാതെ പിടികൂടി പികെ ശ്രീമതി; നിയമ പേരാട്ടത്തില്‍ വിജയം

മുന്‍ ആരോഗ്യമന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ പികെ ശ്രീമതിക്കെതിരെ ചാനല്‍ ചര്‍ച്ചയില്‍ വ്യാജപ്രചരണം നടത്തിയ കേസില്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി പരസ്യമായി മാപ്പ് പറഞ്ഞ് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍. ഹൈക്കാടതിയില്‍ ഹാജരായ ശേഷമാണ് എല്ലാ മാധ്യമങ്ങള്‍ക്കും മുന്നില്‍ അദേഹം ഖേദം പ്രകടിപ്പിച്ചത്.

തെളിവുകള്‍ ഹാജരാക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. സത്യം മാത്രമേ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ പറയാവൂ എന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഉന്നയിച്ച ആരോപണം തെളിയിക്കാന്‍ തന്റെ കൈവശം തെളിവോ രേഖകളോ ഇല്ലെന്നും ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ അപകീര്‍ത്തികരമായ ആരോപണം നടത്തിയെന്നാക്ഷേപിച്ചു ബിജെപി ഗോപാലകൃഷ്ണനെതിരെ 2018ലാണ് ശ്രീമതി മാനനഷ്ടക്കേസ് നല്‍കിയത്.

പി കെ ശ്രീമതി ആരോഗ്യമന്ത്രിയായിരിക്കെ ശ്രീമതിയുടെ മകനും കോടിയേരി ബാലകൃഷ്ണന്റെ മകനും ചേര്‍ന്നു മരുന്നുകമ്പനി നടത്തിയെന്നും ഈ കമ്പനിക്കു സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുവിതരണം ചെയ്യാനുള്ള കരാര്‍ നല്‍കിയെന്നും ഗോപാലകൃഷ്ണന്‍ ടെലിവിഷന്‍ ചര്‍ച്ചയില്‍ ആരോപിച്ചെന്നാണു പരാതിയില്‍ ഉണ്ടായരിരുന്നത്. .

ഇത്തരമൊരു കമ്പനി രൂപീകരിച്ചിട്ടില്ലെന്നു വ്യക്തമാക്കിയ ശ്രീമതി, ആരോപണം പിന്‍വലിച്ചു മാപ്പുപറയണമെന്നാവശ്യപ്പെട്ടു ഗോപാലകൃഷ്ണനു നോട്ടിസ് അയച്ചിരുന്നു. തുടര്‍ന്നാണു കണ്ണൂര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. തുടര്‍ന്ന് കോടതി ശ്രീമതിയുടെയും രണ്ടു സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തി. അന്നും ഗോപാലകൃഷ്ണന് തെളിവുകള്‍ ഹാജരാക്കാന്‍ പറ്റിയില്ല. തുടര്‍ന്ന് കോടതിയില്‍ മാപ്പ് പറയാന്‍ ബിജെപി നേതാവ് തയാറായിരുന്നു. എന്നാല്‍, മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പികെ ശ്രീമതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ ഭാഗമായാണ് ഇന്നു ഹൈക്കോടതിയുടെ മുന്നില്‍ മാധ്യമങ്ങളോട് അദേഹം പരസ്യമായി മാപ്പ് പറഞ്ഞത്. അതേസമയം, തന്റെ മകന് മരുന്ന് കമ്പനിയോ മരുന്ന് കച്ചവടമോ ഇല്ലന്ന് പി കെ ശ്രീമതി ടീച്ചര്‍ പറഞ്ഞു. അതു തെളിയിക്കാനാണ് ഏഴു വര്‍ഷമായി താന്‍ നിയമപോരാട്ടം നടത്തിയതെന്നും പികെ ശ്രീമതി പറഞ്ഞു. ശ്രീമതിക്കൊപ്പം സിപിഎം നേതാവും അഭിഭാഷകനുമായ കെഎസ് അരുണ്‍കുമാറും ഉണ്ടായിരുന്നു.