ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് പാക് പേസര്‍; കളത്തിനു പുറത്തെ പോര് കടുപ്പിക്കുന്നു

ട്വന്റി20 ലോക കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാക്കിസ്ഥാന്‍ ഒരുങ്ങിക്കഴിഞ്ഞതായി പേസര്‍ ഹസന്‍ അലി. ഇന്ത്യയോടു കളിക്കുമ്പോഴുണ്ടാകുന്ന ദൗര്‍ഭാഗ്യത്തെ ഇക്കുറി മറികടക്കുമെന്നും അലി പറഞ്ഞു. ലോക കപ്പിന്റെ ചരിത്രത്തില്‍ ഇതുവരെ ഇന്ത്യയെ കീഴടക്കാന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല.

2017ലെ ചാമ്പ്യന്‍സ് ട്രോഫി ജയിക്കുമ്പോള്‍ പാക് ടീമിന്റെ നല്ല സമയമായിരുന്നു. ഇത്തവണ ട്വന്റി20 ലോക കപ്പിലും ഇന്ത്യയെ പരാജയപ്പെടുത്താ തീവ്രമായി യത്‌നിക്കും. ഏറ്റവും മികച്ച പ്രകടനം തന്നെ കളത്തില്‍ പുറത്തെടുക്കും. ഇന്ത്യയോട് കളിക്കുക എല്ലായ്‌പ്പോഴും സമ്മര്‍ദ്ദമുള്ള കാര്യമാണ്. ഇരു രാജ്യങ്ങളിലെയും ആരാധകര്‍ വലിയ പ്രതീക്ഷവച്ചു പുലര്‍ത്തുന്നതാണ് അതിന് കാരണം- ഹസന്‍ അലി പറഞ്ഞു.

സാധാരണയായി ക്രിക്കറ്റ് കാണാത്തവര്‍ പോലും ഇന്ത്യ-പാക് മത്സരം വീക്ഷിക്കാറുണ്ട്. അതിനാല്‍ കളിക്കാര്‍ക്കുമേലുള്ള സമ്മര്‍ദ്ദം വളരെ വലുതാണ്. ഇന്ത്യയെ മറികടക്കാന്‍ പരാമവധി ശ്രമിക്കും. യുഎഇയിലെ പിച്ചുകള്‍ സ്പിന്നര്‍മാരെയാണ് കൂടുതല്‍ തുണയ്ക്കുക. ഫാസ്റ്റ് ബോളര്‍മാര്‍ക്ക് നന്നായി പന്തെറിയാന്‍ കഴിയില്ലെന്ന് അത് അര്‍ത്ഥമാക്കുന്നില്ല. അവിടത്തെ സാഹചര്യത്തില്‍ എന്തു ചെയ്യണമെന്ന് നന്നായി അറിയാം. എങ്കിലും ടീമുകളെല്ലാം സ്പിന്നര്‍മാരെയാണ് കൂടുതലായി ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും അലി പറഞ്ഞു.