2024ലെ ഐസിസി ടി20 ലോകകപ്പിന് തൊട്ടുമുമ്പ് പാകിസ്ഥാൻ്റെ വൈറ്റ് ബോൾ ക്യാപ്റ്റനായി വീണ്ടും നിയമിതനായപ്പോൾ ബാബർ അസം ഇങ്ങനെ ഒരു തിരിച്ചടി പ്രതീക്ഷിച്ചുകാണില്ല. കഴിഞ്ഞ ഏകദിന ലോകപ്പിന് ശേഷം ഉണ്ടായ നടപടികളുടെ ഭാഗമായി ബാബറിനെ പുറത്താക്കി ഷഹീൻ അഫ്‌രീദിയെ നായകനായി നിയമിച്ചത് ആയിരുന്നു. എന്നാൽ പരമ്പരയിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ താരത്തെ പുറത്താക്കി വീണ്ടും ബാബറിനെ നിയമിക്കുക ആയിരുന്നു. എന്നാൽ അന്തിമഫലം ദുരന്തമായി മാറി. ടി 20 ലോകകപ്പ് ഗ്രുപ്പ് ഘട്ടം കഴിഞ്ഞപ്പോൾ പാകിസ്ഥാൻ പുറത്തായി കഴിഞ്ഞിരിക്കുന്നു.
അമേരിക്കയ്ക്കും ഇന്ത്യയ്ക്കും എതിരായ തോൽവികൾ കാരണം ആണ് പാകിസ്ഥാൻ പുറത്തായത്. അതിനിടയിൽ നടന്ന യുഎസ്എ അയർലൻഡ് മത്സരം മഴ മൂലം ഉപേക്ഷിക്കുക കൂടി ചെയ്തതോടെ പാകിസ്ഥാൻ പുറത്താവുകയും ചെയ്തു. അവസാന മത്സരത്തിൽ അയർലണ്ടിനെതിരെ കഷ്ടിച്ച് ജയിച്ചെങ്കിലും അത് മതിയാകുമായിരുന്നില്ല ബാബറിന്റെ ടീമിന്.
ക്യാപ്റ്റനായും ബാറ്ററായും ബാബർ പരാജയപ്പെട്ട ലോകകപ്പ് ആണ് കടന്നുപോയത്. അദ്ദേഹത്തിൻ്റെ ക്യാപ്റ്റൻസി ശരാശരിക്കും താഴെയായിരുന്നു. പല തീരുമാനങ്ങളും ചോദ്യം ചെയ്യപ്പെടുന്ന ഘട്ടങ്ങളിലേക്ക് നയിച്ചു. ടീമിന് ഉള്ളിലെ പടല പിണക്കവും കൂടി ആയതോടെ കാര്യങ്ങൾക്ക് ഏകദേശ തീരുമാനം ആയെന്ന് തന്നെ പറയാം.
മുൻ ഇന്ത്യൻ താരവും 1983ലെ ലോകകപ്പ് ജേതാവുമായ കൃഷ്ണമാചാരി ശ്രീകാന്ത് ബാബറിൻ്റെ ടി 20 ഫോർമാറ്റിലെ പ്രകടനത്തെ ചോദ്യം ചെയ്തു.
Read more
“ബാബർ ടി20 ക്രിക്കറ്റ് കളിക്കുന്നത് നിർത്തണം . ടി20 ക്രിക്കറ്റിൽ നിങ്ങൾക്ക് എല്ലായ്‌പ്പോഴും ഇങ്ങനെ മോശം പ്രകടനം നടത്താൻ സാധിക്കില്ല. വിരാടിനെപ്പോലെയോ രോഹിതിനെപ്പോലെയോ ബാബർ 4,000 റൺസ് നേടിയെന്ന് പാക് ആരാധകർ പറയുന്നു, എന്നാൽ അദ്ദേഹത്തിൻ്റെ സ്‌ട്രൈക്ക് റേറ്റ് 112-115 മാത്രമാണ്,” അദ്ദേഹം പറഞ്ഞു.