നീണ്ട 24 വർഷത്തിന് ശേഷമാണ് ഇന്ത്യ ഒരു പരമ്പരയിലെ ഒരു മത്സരം പോലും വിജയിക്കാതെ ഹോം സീരീസിൽ പരാജയപ്പെടുന്നത്. ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യ 25 റൺസിന് തോറ്റു. 147 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശർമ്മയും സംഘവും മൂന്നാം ദിനം 121 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ പരമ്പര 3-0 ന് കിവീസ് തൂത്തുവാരി.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശിക്കാനുള്ള ഇന്ത്യയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിന്ന് ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതോടെ പരിശീലകനായ ഗൗതം ഗംഭീറിനെയും, നായകനായ രോഹിത്ത് ശർമ്മയേയും വിമർശിച്ച് കൊണ്ട് ഒരുപാട് ആരാധകരും മുൻ താരങ്ങളും രംഗത്ത് എത്തിയിരിക്കുകയാണ്. പരമ്പര തോറ്റതിന്റെ പ്രധാന കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് രോഹിത്ത് ശർമ്മ.
രോഹിത്ത് ശർമ്മ പറയുന്നത് ഇങ്ങനെ:
“ഞാൻ മോശമായ ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ചത് ഈ അവസാനത്തെ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ മാത്രമായിരുന്നു. എനിക്ക് എന്റെ ഡിഫൻസിൽ നല്ല വിശ്വാസം ഉണ്ട്. കുറച്ചും കൂടി വർക് ചെയ്തെടുക്കണം. അത്രേ ഒള്ളു. ഞങ്ങൾ ഓസ്‌ട്രേലിയയിലേക്ക് നേരത്തെ പോവുകയാണ്. കൂടുതൽ ശക്തിയോടെ തിരിച്ച് വരാൻ അത് സഹായകരമാകും” രോഹിത്ത് ശർമ്മ പറഞ്ഞു.
അര്‍ദ്ധ സെഞ്ച്വറി നേടിയ ഋഷഭ് പന്ത് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പ്പനേരമെങ്കിലും പിടിച്ചുനിന്നത്. 57 പന്തുകള്‍ നേരിട്ട താരം 64 റണ്‍സെടുത്തു പുറത്തായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 11, യശസ്വി ജയ്‌സ്വാള്‍ അഞ്ച്, ശുഭ്മന്‍ ഗില്‍ ഒന്ന്, വിരാട് കോഹ്‌ലി ഒന്ന്, സര്‍ഫറാസ് ഖാന്‍ ഒന്ന്, ജഡേജ ആറ്, ആര്‍ അശ്വിന്‍ എട്ട്, വാഷിംഗ്ടണ്‍ സുന്ദര്‍ 12 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. കിവീസിനായി അജാസ് പട്ടേല്‍ ആറ് വിക്കറ്റ് വീഴ്ത്തി. ഗ്ലെന്‍ ഫിലിക്‌സ് മൂന്നും മാറ്റ് ഹെന്റി ഒരു വിക്കറ്റും വീഴ്ത്തി. ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ മികച്ച പ്രകടനം നടത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.