"എന്നെ ഓസ്‌ട്രേലിയക്കാർ ഇടിച്ചാൽ ഞാൻ നോക്കി നിൽക്കില്ല"; മുന്നറിയിപ്പ് നൽകി റിഷഭ് പന്ത്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടൂർണമെന്റിലെ ഒന്നും, രണ്ടും സ്ഥാനത്ത് നിൽക്കുന്ന ടീമുകളായ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരമാണ് ബോർഡർ ഗവാസ്കർ ട്രോഫി. അഞ്ച് ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പര കഴിഞ്ഞ രണ്ട് തവണയും വിജയിച്ചത് ഇന്ത്യ ആയിരുന്നു. മുൻപ് ഓസീസ് താരങ്ങളുമായി ഒരുപാട് വാക്‌പോരുകൾ നടത്തിയ താരമാണ് റിഷഭ് പന്ത്. ഇപ്പോൾ നടക്കാൻ പോകുന്ന മത്സരത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചിരിക്കുകയാണ്.

റിഷഭ് പന്ത് പറയുന്നത് ഇങ്ങനെ:

“365 ദിവസവും ക്രിക്കറ്റ് കളിച്ചിരുന്ന സമയമായിരുന്നു 2021ലേത്. അതുകൊണ്ടുതന്നെ ക്രിക്കറ്റ് മാത്രമായിരുന്നു മനസില്‍. ഓസ്‌ട്രേലിയയിലേക്ക് പോകുമ്പോള്‍ ബൗണ്‍സിനെയും ഷോര്‍ട്ട് ബോളിനേയും നന്നായി നേരിടാന്‍ സാധിക്കണം. കാരണം ഇവിടുത്തെ വിക്കറ്റും സാഹചര്യവും വളരെ വ്യത്യസ്തമാണ്. നിങ്ങളെ ഒരു തരത്തിലും ജയിപ്പിക്കാന്‍ ഓസ്‌ട്രേലിയ ആഗ്രഹിക്കില്ല. അതുകൊണ്ടുതന്നെ പോരാട്ടം കൂടുതല്‍ ശക്തമാവും. ഓസ്‌ട്രേലിയയെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിക്കുന്നതിലും വലിയ അനുഭൂതിയില്ല”

റിഷഭ് പന്ത് തുടർന്നു:

“ഓസ്‌ട്രേലിയ ടീമെന്ന നിലയില്‍ പൊതുവേ ശക്തമായ പോരാട്ടം നടത്തുന്ന ടീമാണ്. ഒന്നും എളുപ്പത്തില്‍ നിങ്ങള്‍ക്ക് വിട്ടുതരുന്നവരല്ല അവര്‍. ആക്രമണോത്സകതയോടെ കളിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ആദ്യ ഇടി ഇടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ആരെങ്കിലും എന്നെ ഇടിച്ചാല്‍ ഞാന്‍ ക്ഷമിച്ച് നോക്കിനില്‍ക്കില്ല. ഈ മാനസികാവസ്ഥയോടെ വേണം ഓസ്‌ട്രേലിയയില്‍ കളിക്കാന്‍. ഓസീസ് പൊതുവേ സ്ലെഡ്ജ് ചെയ്യാന്‍ മടിയില്ലാത്ത ടീമാണ്. അവരെ ഇതേ രീതിയില്‍ത്തന്നെ വേണം തിരിച്ചടിക്കാൻ” റിഷഭ് പന്ത് പറഞ്ഞു.

ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്ത് ശർമ്മ ഉണ്ടായിരിക്കില്ല എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ. അത് കൊണ്ട് തന്നെ ജസ്പ്രീത് ബുമ്ര, റിഷബ് പന്ത് എന്നിവർക്കായിരിക്കും ആദ്യ ടെസ്റ്റിലെ നായക സ്ഥാനം ലഭിക്കുക. നിലവിൽ ഇന്ത്യൻ താരങ്ങൾ ന്യുസിലാൻഡ് പരമ്പരയിൽ മത്സരിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ ദിനം മഴ മൂലം ഉപേക്ഷിച്ചു.