RR VS GT: ഹസരങ്കയെ പുറത്താക്കി രാജസ്ഥാന്‍ ടീം, സഞ്ജുവിന് ഇതെന്തുപറ്റി, കാരണമിത്, ഇങ്ങനെ കാണിച്ചത് ശരിയായില്ലെന്ന് ആരാധകര്‍

ഐപിഎലില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ടീം ഗുജറാത്തിനെ ബാറ്റിങ്ങിന് അയച്ചിരിക്കുകയാണ്. ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വച്ചാണ് ഇന്നത്തെ മത്സരം. കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് സഞ്ജുവിന്റെ രാജസ്ഥാന്‍ ഇറങ്ങുന്നത്. ബാറ്റര്‍മാരും ബോളര്‍മാരും ശ്രദ്ധേയ പ്രകടനമാണ് കഴിഞ്ഞ മത്സരത്തില്‍ ആര്‍ആറിനായി കാഴ്ചവച്ചത്. ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ മത്സരത്തില്‍ സന്ദീപ് ശര്‍മ്മ, തീക്ഷ്ണ, കുമാര്‍ കാര്‍ത്തികേയ, ഹസരങ്ക ഉള്‍പ്പെടെയുളള ബോളര്‍മാരും രാജസ്ഥാനായി വിക്കറ്റ് വീഴത്തി.

എന്നാല്‍ ഗുജറാത്തിനെതിരായ ഇന്നത്തെ മത്സരത്തില്‍ ഹസരങ്കയെ ഒഴിവാക്കിയാണ് ടീം കളിക്കുന്നത്. ഹസരങ്ക ടീമില്‍ ഇല്ലെന്ന് ടോസിനിടെ നായകന്‍ സഞ്ജുവാണ് അറിയിച്ചത്. വ്യക്തിപരമായ കാരണങ്ങളാല്‍ താരം കളിക്കില്ലെന്നാണ് സഞ്ജു അറിയിച്ചത്. എന്നാല്‍ ഹസരങ്കയുടെ അഭാവം ടീമിനെ ഇന്നത്തെ മത്സരത്തില്‍ ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. സ്പിന്‍ ബോളിങ്ങിന് പുറമെ ബാറ്റ് കൊണ്ടും ടീമിന് സംഭാവന നല്‍കാറുളള താരമാണ് ഹസരങ്ക. ഹസരങ്കയ്ക്ക് പകരം ഫസല്‍ഹഖ് ഫാറൂഖി ടീമില്‍ ഇടംപിടിച്ചു.

തുഷാര്‍ ദേശ്പാണ്ഡെയും ഇന്നത്തെ മത്സരത്തില്‍ കളിക്കുന്നുണ്ട്. ജോഫ്രാ ആര്‍ച്ചറും സന്ദീപ് ശര്‍മയുമാണ് രാജസ്ഥാന്റെ ഇന്നത്തെ പ്രധാന ബോളര്‍മാര്‍. അതേസമയം ടീമില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണ് ഗുജറാത്ത് ടൈറ്റന്‍സ് ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്. ഇംപാക്ട് സബായി വാഷിങ്ടണ്‍ സുന്ദര്‍ ഗുജറാത്തിനായി ഇന്നും ഇറങ്ങാന്‍ സാധ്യതയുണ്ട്. രാജസ്ഥാനായി കുമാര്‍ കാര്‍ത്തികേയയും കളിക്കാനുളള സാധ്യതകള്‍ ഏറെയാണ്.