രഞ്ജിയിലും ദുരന്തമായി രഹാനെ, ഒഡീഷയ്‌ക്ക് എതിരെ നാണംകെട്ട് പുറത്തായി

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം നഷ്ടമായ അജിങ്ക്യ രഹാനെ രഞ്ജി ട്രോഫിയിലും നിരാശപ്പെടുത്തുന്നു. എലൈറ്റ് ഗ്രൂപ്പ് ഡിയില്‍ മുംബൈയ്ക്കായി ആദ്യ ഇന്നിങ്സില്‍ ഗോള്‍ഡന്‍ ഡെക്കായാണ് അദ്ദേഹം ക്രീസ് വിട്ടത്.

ഒഡീഷയുടെ രാജേശ് മൊഹന്തിയുടെ ബോളിംഗില്‍ രഹാനെയെ ജി പൊഡ്ഡാര്‍ ക്യാച്ച് ചെയ്യുകയായിരുന്നു. രഹാനെ നിരാശപ്പെടുത്തിയെങ്കിലും മുംബൈ മികച്ച നിലയിലാണ്. ഒഡീഷയുടെ ഒന്നാം ഇന്നിംഗ്്സ് സ്‌കോറായ 284 റണ്‍സിനു മറുപടിയില്‍ മുംബൈ രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റിനു 259 റണ്‍സെടുത്തു.

ഏഴു വിക്കറ്റ് ബാക്കിനില്‍ക്കെ ഒഡീഷയ്ക്കൊപ്പമെത്താന്‍ മുംബൈയ്ക്കു 25 റണ്‍സ് കൂടി മതി. സര്‍ഫറാസ് ഖാന്റെ (107*) തകര്‍പ്പന്‍ സെഞ്ച്വറിയും അര്‍മാന്‍ ജാഫര്‍ (77), നായകന്‍ പൃഥ്വി ഷാ (53*) എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളുമാണ് മുംബൈയ്ക്ക് കരുത്തായത്.

എലൈറ്റ് ഗ്രൂപ്പ് സിയില്‍ ദുര്‍ബലരായ പുതുച്ചേരിക്കെതിരേ മുന്‍ ചാമ്പ്യന്‍മാരായ കര്‍ണാടക എട്ടു വിക്കറ്റിനു 453 റണ്‍സെന്ന വമ്പന്‍ സ്‌കോറില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. ദേവ്ദത്ത് പടിക്കല്‍ (178), ക്യാപ്റ്റന്‍ മനീഷ് പാണ്ഡെ (107) എന്നിവരുടെ സെഞ്ച്വറികളാണ് കര്‍ണാടകയെ 400ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സഹായിച്ചത്.