'അവന്‍ ഗംഭീറിനെപ്പോലെ, പാക് ക്രിക്കറ്റിന്റെ തലവര ഇനി മാറും'; പിസിബിയുടെ തകര്‍പ്പന്‍ നീക്കത്തെ പ്രശംസിച്ച് പോണ്ടിംഗ്

ഓസ്‌ട്രേലിയന്‍ മുന്‍ ഫാസ്റ്റ് ബോളര്‍ ജേസണ്‍ ഗില്ലസ്പിയെ റെഡ് ബോള്‍ ടീമിന്റെ പരിശീലകനായി നിയമിച്ച പാകിസ്ഥാന്റെ നീക്കത്തെ പ്രശംസിച്ച് ഓസീസ് മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്. ഗില്ലസ്പിയെയും ഇന്ത്യന്‍ ഹെഡ് കോച്ച് ഗൗതം ഗംഭീറിനെയും തമ്മില്‍ പോണ്ടിംഗ് താരതമ്യം ചെയ്തു.

പരിശീലകനെന്ന നിലയില്‍ ഗില്ലസ്പിയുടെ കഴിവുകളില്‍ പോണ്ടിംഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. തന്റെ പുതിയ റോളില്‍ മുന്‍ പേസര്‍ അഭിമുഖീകരിക്കാനിടയുള്ള വെല്ലുവിളികള്‍ പോണ്ടിംഗ് അംഗീകരിച്ചെങ്കിലും തന്റെ മുന്‍ സഹതാരത്തിന്റെ കരുത്ത് ഊന്നിപ്പറഞ്ഞു.

ജയ്സണ്‍ ഗില്ലസ്പി അല്‍പ്പം ഗംഭീറിനെപ്പോലെയാണ്. എല്ലായിടത്തും അദ്ദേഹം പോയിട്ടുണ്ട്, അദ്ദേഹത്തിന്റെ കോച്ചിംഗ് റെക്കോര്‍ഡ് വളരെ മികച്ചതാണ്. അദ്ദേഹത്തിന് ചില വെല്ലുവിളികള്‍ ഉണ്ടാകും, അതില്‍ എനിക്ക് സംശയമില്ല. എന്നാല്‍ അദ്ദേഹം ആഴത്തിലുള്ള ചിന്താഗതിക്കാരനാണ്, ശാന്തനാണ്. തന്റേതായ രീതിയില്‍ നടക്കുന്ന വ്യക്തി.

ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് കളിച്ചവരാണ്, അതിനാല്‍ എല്ലാവരും അവനെ (ഗില്ലസ്പി) അഭിനന്ദിക്കുകയും ആ വേഷം ചെയ്യാന്‍ അദ്ദേഹത്തിന് ആശംസകള്‍ നേരുകയും ചെയ്തു- പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു.

പോണ്ടിംഗിന്റെ മുന്‍ സഹതാരമായിരുന്ന ഗില്ലസ്പി ഒരു വിജയകരമായ പരിശീലകനെന്ന നിലയില്‍ പ്രശസ്തി നേടിയിട്ടുണ്ട്. 2024 ലെ ടി20 ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തെത്തുടര്‍ന്ന് പാകിസ്ഥാന്‍ ക്രിക്കറ്റിന് ഏറെ നിര്‍ണായകമായ സമയത്താണ് അദ്ദേഹത്തിന്റെ നിയമനം.

ഗില്ലെസ്പിയെ ടീമിലെത്തിക്കാനുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം, കളിയുടെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള വലിയ പുനഃക്രമീകരണ ശ്രമത്തിന്റെ ഭാഗമാണ്.