ഐപിഎല്‍ 2025: റിക്കി പോണ്ടിംഗിന് പുതിയ തട്ടകം ഒരുങ്ങി

ജനപ്രിയ ഐപിഎല്‍ (ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) ഫ്രാഞ്ചൈസിയായ പഞ്ചാബ് കിംഗ്സുമായി കരാര്‍ ഉറപ്പിക്കാന്‍ ഒരുങ്ങി
ഓസ്ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്. ഇതുവരെ ഇരുഭാഗത്തുനിന്നും സ്ഥിരീകരണമോ പ്രസ്താവനയോ പുറത്തുവിട്ടിട്ടില്ലെങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സ് (ഡിസി) മുന്‍ ഹെഡ് കോച്ചായ പോണ്ടിംഗിനെ അടുത്ത കാലത്ത് കിംഗ്‌സ് സമീപിച്ചിരുന്നുവെന്നും അവര്‍ കരാറിലെത്താന്‍ ശ്രമിക്കുകയാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വ്യാപകമാണ്.

ഓസ്ട്രേലിയന്‍ മുന്‍ ലോക ചാമ്പ്യന്‍ ഏഴ് വര്‍ഷത്തോളം ഡല്‍ഹിയെ സേവിച്ചു. പിന്നീട് ഇക്കഴിഞ്ഞ സീസണിന് ശേഷം ഡല്‍ഹി വിടുകയായിരുന്നു. 2020ല്‍ യുഎഇയില്‍ നടന്ന ഐപിഎല്‍ സീസണില്‍ ടീമിനെ ഫൈനലിലെത്തിച്ചതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം.

എന്നാല്‍ അവസാന സീസണിലടക്കം ഡിസി ഏറെ നിരാശപ്പെടുത്തി. കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനത്താണ് ഡല്‍ഹി ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്. 14 മത്സരത്തില്‍ ഏഴ് മത്സരം മാത്രമാണ് ഡല്‍ഹിക്ക് ജയിക്കാനായത്.