ഇനി തലകുനിച്ച് നിന്നിട്ട് എന്ത് കാര്യം, മത്സരത്തിനിടെ രോഹിത്തിനെ ട്രോളി കൊന്ന് ഋഷഭ് പന്ത്; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണ് രോഹിത്. എന്നാൽ ഡിആർഎസ് തീരുമാനങ്ങളുടെ കാര്യത്തിൽ രോഹിത് ശർമ്മ അൽപ്പം പിന്നിലാണ് എന്ന് പറയാം. ചെന്നൈയിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൻ്റെ നാലാം ദിവസം, വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് റിവ്യൂ പോകണമെന്ന് നിർബന്ധിച്ചിട്ടും ക്യാച്ച് ബാക്ക് തീരുമാനം അവലോകനം ചെയ്യാൻ രോഹിത് വിസമ്മതിച്ച ഒരു സംഭവം ഉണ്ടായി. രോഹിത് തൻ്റെ നിലപാടിൽ ഉറച്ചു നിന്നു, എന്നാൽ സംഭവത്തിൻ്റെ റീപ്ലേ സ്ക്രീനിൽ കാണിച്ചപ്പോൾ, ഇന്ത്യൻ ക്യാപ്റ്റന്റെ മുഖഭാവം രസകരമായി കാണപെട്ടില്ല.

ഇന്നിംഗ്‌സിൻ്റെ 62-ാം ഓവറിൽ ബംഗ്ലാദേശ് താരം ഹസൻ മഹമൂദ് ഇന്ത്യയുടെ രവിചന്ദ്രൻ അശ്വിനെ നേരിടുന്നതിനിടെയാണ് സംഭവം. നല്ല ബൗൺസ് ഉണ്ടായിരുന്ന ഒരു പന്ത് അവസാനം കീപ്പർ ക്യാച്ചിൽ എത്തുന്നു. എഡ്ജ് ഉണ്ടെന്ന സംശയത്തിൽ പന്ത്, സിആർഎസ് പോകണം എന്ന് നിർബന്ധിച്ചു.

പന്ത് നിർബന്ധിച്ചെങ്കിലും രോഹിത് റിവ്യൂ എടുക്കാൻ സമ്മതിച്ചില്ല . എന്നാൽ, പിന്നീട് റീപ്ലേകളിൽ പന്ത് ഗ്ലൗസിൽ തൊട്ടതായി കാണിച്ചു. അതിനാൽ, ഇന്ത്യൻ നായകൻ റിവ്യൂവിന് പോയിരുന്നെങ്കിൽ, അത് വിക്കറ്റ് ആകുമായിരുന്നു. രോഹിത്തിന്റെ വിഷമത്തിനിടയിൽ സ്‌ക്രീനിലേക്കെങ്കിലും നോക്കണമെന്ന് പറഞ്ഞ് പന്ത് നായകൻ രോഹിതിനെ കളിയാക്കുകയും ചെയ്തു.

“ഔട്ട് താ, അബേ യാർ റീപ്ലേ ദേഖ് ടു ലോ (അത് പുറത്തായിരുന്നു, കുറഞ്ഞത് റീപ്ലേയെങ്കിലും കാണുക), പന്ത് രോഹിതിനോട് പറയുന്ന വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു.