അങ്ങനെ സംഭവിച്ചാല്‍ എല്ലാ മത്സരങ്ങളിലും പന്തിന് സെഞ്ച്വറി നേടാം...: വലിയ അവകാശവാദവുമായി അശ്വിന്‍

ഋഷഭ് പന്തിന് എല്ലാ മത്സരത്തിലും സെഞ്ച്വറി അടിക്കാനുള്ള കഴിവുണ്ടെന്ന് ഇന്ത്യന്‍ മുന്‍ താരം ആര്‍ അശ്വിന്‍. അടുത്തിടെ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ 2020-21 ഓസ്ട്രേലിയന്‍ പര്യടനത്തിലെ തന്റെ വീരകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പന്തിന്റെ സമീപകാല പ്രകടനം ഏറെ വിമര്‍ശനത്തിന് വിഷയമായിരിക്കെകയാണ് അശ്വിന്റെ പ്രശംസയെന്നാണ് ശ്രദ്ധേയം. പന്ത് ഇപ്പോഴും തന്റെ മുഴുവന്‍ കഴിവിലേക്ക് എത്തിയിട്ടില്ലെന്നാണ് അശ്വിന്‍ പറയുന്നത്.

സ്വന്തം കഴിവ് പൂര്‍ണമായും തിരിച്ചറിഞ്ഞാല്‍ പന്തിന് എല്ലാ മത്സരത്തിലും 100 റണ്‍സ് അടിക്കാം. ഒന്നുകില്‍ സ്ഥിരതയോടെ, അല്ലെങ്കില്‍ ആക്രമണ ശൈലിയില്‍ ബാറ്റ് ചെയ്യാനാണ് റിഷഭ് പന്തിനെ ഇന്ത്യന്‍ ടീം ഉപദേശിക്കാറുള്ളത്. റിഷഭ് ഒരുപാട് റണ്‍സ് സ്‌കോര്‍ ചെയ്തിട്ടില്ല, എന്നാല്‍ ഒരുപാട് റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിയുന്ന ഒരു താരമാണ് റിഷഭ്. അവന്റെ കരിയറില്‍ ഇനിയും ഒരുപാട് സമയമുണ്ട്.

ഇതുവരെയും തന്റെ കഴിവ് എന്തെന്ന് റിഷഭ് തിരിച്ചറിഞ്ഞിട്ടില്ല. റിവേഴ്‌സ് സ്വീപ്പ്, സ്ലോഗ് സ്വീപ്പ് തുടങ്ങി എല്ലാ ഷോട്ടുകളും റിഷഭ് കളിക്കാറുണ്ട്. എന്നാല്‍ ഒരു പ്രശ്‌നമുള്ളത് എല്ലാം വളരെ റിസ്‌കുള്ള ഷോട്ടുകളാണെന്നതാണ്. 200 പന്തുകള്‍ ക്രീസില്‍ നിന്നാല്‍ പ്രതിരോധംകൊണ്ട് മാത്രം മികച്ച സ്‌കോറിലെത്താന്‍ പന്തിന് കഴിയും.

Read more

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ അഞ്ചാം ടെസ്റ്റ് നോക്കൂ. രണ്ട് ഇന്നിംഗ്‌സിലും വ്യത്യസ്തമായ ശൈലിയാണ് പന്ത് കളിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ പക്വതയോടെ ബാറ്റ് ചെയ്ത് 40 റണ്‍സെടുത്തു. എന്നാല്‍ ഇതിനെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. ഇത് ശരിയായില്ല- അശ്വിന്‍ പറഞ്ഞു.