അന്ന് ഋഷഭ് പന്തിന്റെ ജീവൻ രക്ഷിച്ചു, ഇന്ന് സ്വന്തം ജീവന് വേണ്ടി മല്ലിടുന്നു; രജത് കുമാറിന്റെ അവസ്ഥ വിഷമിപ്പിക്കുന്നത്

ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിൻ്റെ ജീവൻ രക്ഷിച്ച ആൾ കാമുകിയോടൊപ്പം വിഷം കഴിച്ചതായി യുപിയിലെ മുസാഫർനഗർ ജില്ലയിൽ, നിന്നുള്ള ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. ഇരുവരുടെയും കുടുംബങ്ങൾ വിവാഹത്തെ എതിർത്തതിനെ തുടർന്ന് ഫെബ്രുവരി 9 നാണ് സംഭവം നടന്നതെന്ന് പറയപ്പെടുന്നു.

2022 ഡിസംബറിൽ വാഹനാപകടത്തിന് ശേഷം ഋഷഭ് പന്തിനെ രക്ഷിച്ച അതേ രജത് കുമാർ, കാമുകി മനു കശ്യപിനൊപ്പം വിഷം കഴിച്ച് ജീവനുവേണ്ടി മല്ലിടുകയാണെന്ന് പറയുന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്

ഉത്തരാഖണ്ഡിലെ ജബ്രേരയിലെ ആശുപത്രിയിൽ ജീവനുവേണ്ടി മല്ലിടുന്ന രജത്തിൻ്റെ നില അതീവഗുരുതരമായിരിക്കെ, വിഷബാധയെ അതിജീവിക്കാൻ മനുവിന് കഴിഞ്ഞില്ല എന്നതാണ് വിഷമിപ്പിക്കുന്ന വാർത്ത. ജാതി പ്രശ്നങ്ങൾ കാരണമാണ് ഇരുവരുടെയും കുടുംബങ്ങൾ വിവാഹത്തെ എതിർത്തത്. ശേഷം ഇരുവരും വിഷം കഴിക്കുക ആയിരുന്നു.

കൂടാതെ, 21 കാരിയായ മനുവിൻ്റെ അമ്മ രജതിനെതിരെ സംസാരിച്ചു രംഗത്ത് വന്നിരിക്കുകയാണ്. തന്റെ മകളെ കൊണ്ട് നിർബന്ധിച്ച് രജത് വിഷം കഴിപ്പിക്കുക ആയിരുന്നു എന്നാണ് ‘അമ്മ പറയുന്നത്. 2022-ൽ 25 കാരനായ രജത് കുമാർ, നിഷു കുമാർ എന്ന കൂട്ടുകാരനൊപ്പം ഋഷഭ് പന്തിനെ വലിയ അപകടത്തിൽ നിന്ന് രക്ഷിക്കുക ആയിരുന്നു.