ഇന്ത്യക്ക് മാർക് ചെയ്യാൻ പറ്റിയ ഏത് ടീമാടാ ലോകത്തിൽ ഉള്ളത്, അപൂർവ നേട്ടം സ്വന്തമാക്കി രോഹിതും പിള്ളേരും; ഏഴയലത്ത് പോലും ഇല്ലാതെ ബാക്കി ടീമുകൾ

അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20യിലും ഇന്ത്യ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 6 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. അഫ്ഗാൻ ഉയർത്തിയ താരതമ്യേന മികച്ച വിജയലക്ഷ്യം വളരെ എളുപ്പത്തിൽ പിന്തുടർന്ന ഇന്ത്യയെയാണ് ഇന്ന് കാണാൻ സാധിച്ചത്. അർദ്ധ സെഞ്ചുറികൾ നേടിയ ജയ്‌സ്വാളിന്റെയും ശിവം ദുബയുടെയും മികവിലാണ് ഇന്ത്യ വിജയവര കടന്നതും പരമ്പര സ്വന്തമാക്കിയതും. ജയ്‌സ്വാൾ 34 പന്തിൽ 68 റൺ നേടി മടങ്ങിയപ്പോൾ ദുബെ 32 പന്തിൽ 65 റൺസ് നേടി.

മത്സരത്തിലെ ജയത്തിന് പിന്നാലെ മറ്റൊരു നേട്ടമാണ് ഇപ്പോൾ ചർച്ച ആകുന്നത്. 2019 നു ശേഷം ഇന്ത്യൻ മണ്ണിൽ ടി 20 പരമ്പരകൾ ഒന്നും നഷ്ടപെടാതെയാണ് ഇന്ത്യ കുതിക്കുന്നത്. ഈ കാലയളവിൽ 15 പരമ്പരകൾ ഇന്ത്യ കളിച്ചപ്പോൾ അതിൽ 13 എണ്ണത്തിലും ജയം സ്വന്തമാക്കി. 2 എണ്ണം സമനിലയിൽ ആകുന്ന കാഴ്ചയും കണ്ടു. മറ്റൊരു രാജ്യത്തിനും സ്വപ്നം പോലും കാണാത്ത നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്.

രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയ ഇത്തരത്തിൽ 8 തുടർച്ചയായ പരമ്പര വിജയം സ്വന്തമാക്കിയിട്ടുണ്ട്. വിദേശ രാജ്യത്ത് നടക്കുന്ന പരമ്പരകളിൽ വരെ ഭേദപ്പെട്ട പ്രകടനം ഇന്ത്യ നടത്തുമ്പോൾ ഈ ഫോർമാറ്റിൽ ഏറ്റവും മികച്ച ടീം എന്ന ലേബലും ആളുകൾ ഇന്ത്യക്ക് തന്നെ ചാർത്തി കൊടുക്കുന്നു. എന്തായാലും ഈ മികവ് വരാനിരിക്കുന്ന ലോകകപ്പിലും തുടരാൻ ആകും ഇന്ത്യ ശ്രമിക്കുക.

കൂടാതെ ഇന്ത്യൻ നായകൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ ടി 20 വിജയങ്ങൾ നേടിയ ധോണിയുടെ റെക്കോഡിനൊപ്പം രോഹിത് ശർമ്മ എത്തി. എന്നാൽ മത്സരത്തിൽ പൂജ്യനായി മടങ്ങിയ രോഹിത് നിരാശപ്പെടുത്തി.