രോഹിതും വിരാടും പാഡഴിക്കുന്നു? വമ്പൻ അപ്ഡേറ്റ് നൽകി പ്രവീൺ കുമാർ; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി സീനിയർ താരങ്ങളായ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും അവസാന ഐസിസി ടൂർണമെൻ്റായിരിക്കുമെന്ന് മുൻ ഇന്ത്യൻ ബൗളർ പ്രവീൺ കുമാർ പറഞ്ഞു. രോഹിത് ശർമ്മ ഇന്ത്യയെ മറ്റൊരു ഐസിസി കിരീടത്തിലേക്ക് നയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രവീൺ ഇന്ത്യ മികച്ച രീതിയിലാണ് മുന്നേറുന്നതെന്നും കിരീടം ഉയർത്തുമെന്നും പറഞ്ഞിരിക്കുകയാണ്.

രോഹിത് ശർമ്മ ഇന്ത്യയെ മറ്റൊരു ഐസിസി ട്രോഫിയിലേക്ക് നയിക്കുമെന്ന് ടൈംസോഫ് ഇന്ത്യ ഡോട്ട് കോമുമായുള്ള ചാറ്റിൽ പ്രവീൺ കുമാർ പറഞ്ഞു. വിരമിക്കുന്നതിന് മുമ്പ് വിരാട് കോഹ്‌ലിയും രോഹിതും രാജ്യത്തിനായി ഒരു കിരീടം കൂടി ഉറപ്പാക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. “രോഹിത് ഇന്ത്യയെ ഒരു കിരീട നേട്ടത്തിലേക്ക് നയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അയാൾക്ക് ഉടൻ തന്നെ മറ്റൊരു ഐസിസി ട്രോഫി ലഭിക്കും. വിരാടും രോഹിതും, വിരമിക്കുന്നതിന് മുമ്പ് ഞങ്ങൾക്ക് ഒരു ഐസിസി ട്രോഫി കൂടി തരൂ,” പ്രവീൺ പറഞ്ഞു.

ചാമ്പ്യൻസ് ട്രോഫിയുടെ സെമിഫൈനലിലേക്ക് ഇന്ത്യയും ന്യൂസിലൻഡും യോഗ്യത നേടി. ഇന്ന് ദുബായിൽ നടക്കുന്ന തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും, അതിൻ്റെ ഫലം അനുസരിച്ചായിരിക്കും സെമിയിൽ ഓസ്ട്രേലിയ ആണോ അതോ സൗത്താഫ്രിക്കയാണോ എതിരായി വരുക എന്ന് ടീമുകൾക്ക് മനസിലാക്കുക.

ന്യൂസിലൻഡിനെ തോൽപിച്ചാൽ, ഗ്രൂപ്പ് എയിൽ ടോപ്പർമാരായി ഫിനിഷ് ചെയ്ത് ഇന്ത്യ മാർച്ച് 4 ചൊവ്വാഴ്ച ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന സെമിയിൽ ഓസ്‌ട്രേലിയയെ നേരിടും. എന്നിരുന്നാലും, ഇന്ത്യ തോറ്റാൽ, അവർ ദുബായിൽ നടക്കുന്ന ആദ്യ സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ നേരിടും, ന്യൂസിലൻഡ് ലാഹോറിൽ ഓസ്‌ട്രേലിയയെ നേരിടും.

മാർച്ച് 9 ന് ദുബായിലാണ് ഫൈനൽ നടക്കുക. ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിൽ രണ്ട് കിരീടങ്ങൾ നേടി നിൽക്കുന്ന ഓസ്‌ട്രേലിയയും ഇന്ത്യയും തങ്ങളുടെ മൂന്നാം കിരീടത്തിനായിട്ട് ശ്രമിക്കും.