കൈയില്‍ കാപ്പിയുമായി ലെതര്‍ ലോഞ്ച് കസേരയില്‍ ചാരിയിരിക്കുന്നതുപോലെയാണ് അവന്‍ ബാറ്റ് ചെയ്യുന്നത്: ഇന്ത്യന്‍ താരത്തെ കുറിച്ച് ഹെയ്ഡന്‍

ഓസ്ട്രേലിയയ്ക്കെതിരായ അഡ്‌ലെയ്ഡ് പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യ 10 വിക്കറ്റിന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിന് ശേഷവും, ഓസീസ് മുന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍, തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ നടത്തുന്ന നായകന്‍ രോഹിത് ശര്‍മ്മയെ പിന്തുണച്ചു. കളിക്കാനാകാത്ത ബുദ്ധിമുട്ടായ ബോളിലാണ് രോഹിത് പുറത്തായതെന്ന് ഹെയ്ഡന്‍ പറയുന്നു.

രോഹിത് ശര്‍മ്മയെക്കുറിച്ച് പെട്ടെന്ന് ഒരു പരാമര്‍ശം. ലെതര്‍ ലോഞ്ച് ചെയറില്‍ ഇരിക്കുന്നതും കൈയില്‍ ഒരു കപ്പ് കാപ്പിയുമായി ചാരിയിരിക്കുന്നതും പോലെയാണ് അദ്ദേഹം ക്രിക്കറ്റ് കളിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ എത്തുന്ന വ്യത്യസ്ത ശൈലികളെ നിങ്ങള്‍ അഭിനന്ദിക്കണം. രോഹിത് ശര്‍മ്മ വളരെ എളുപ്പം കളിക്കാന്‍ ആഗ്രഹിക്കുന്നു- ഹെയ്ഡന്‍ പറഞ്ഞു.

പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റ് നഷ്ടമായ രോഹിത് 3, 6 സ്‌കോറുകള്‍ നേടി മടങ്ങിവരവില്‍ അഡ്‌ലെയ്ഡില്‍ നിറംമങ്ങി. അതേസമയം, ബാറ്റിംഗില്‍ രോഹിത് ശര്‍മ്മയുടെ അനായാസമായ സമീപനത്തെ മാത്യു ഹെയ്ഡന്‍ അഭിനന്ദിച്ചു. മാര്‍ക്ക് വോയുമായി ഹിറ്റ്മാനെ താരതമ്യം ചെയ്തു.

മൂന്നാം ദിനത്തിലെ ഇന്ത്യയുടെ ബാറ്റിംഗ് തകര്‍ച്ച രോഹിതിന്റെ നായകത്വത്തിന് കീഴില്‍ തുടര്‍ച്ചയായ നാലാം ടെസ്റ്റ് തോല്‍വിയിലേക്ക് ഇന്ത്യയെ നയിച്ചു. ഈ തോല്‍വിയോടെ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ തുടര്‍ച്ചയായ തോല്‍വികളുടെ റെക്കോര്‍ഡിന് ഒപ്പം രോഹിത് എത്തി. ദത്ത ഗെയ്ക്വാദ്, എംഎസ് ധോണി, വിരാട് കോഹ്ലി എന്നിവര്‍ക്കൊപ്പമാണ് രോഹിത് ഈ മോശം റെക്കോര്‍ഡില്‍ ഇപ്പോള്‍ ഉള്ളത്.