'ദാദ ജേഴ്സിയൂരി വീശിയത് എല്ലാവര്‍ക്കും അറിയാം, എന്നാല്‍ ആര്‍ക്കും അറിയാത്ത മറ്റൊരു കഥയുണ്ട്'; വെളിപ്പെടുത്തി സച്ചിന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയവും ആവേശോജ്ജ്വലവുമായ നാറ്റ്വെസ്റ്റ് ട്രോഫി വിജയത്തിന് ഇന്നലെ 20 വയസ് പിന്നിട്ടിരുന്നു. 2002ലാണ് സൗരവ് ഗാംഗുലി നയിച്ച ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി നാറ്റ്വെസ്റ്റ് കിരീടം ചൂടിയത്. ആ വിജയത്തിലൂടെ യുവരാജ് സിംഗും മുഹമ്മദ് കൈഫും ആരാധക ഹൃദയത്തില്‍ എന്നെന്നുക്കുമായി ഇടംനേടിയെടുത്തു. ലോര്‍ഡ്‌സിലെ ബാല്‍ക്കണയില്‍ ഇരുന്ന ഗാംഗുലി ഷര്‍ട്ടൂരി ചുഴറ്റി വിജയം ആഘോഷിച്ചതും നാറ്റ്വെസ്റ്റ് ട്രോഫിയിലെ മറക്കാനാവാത്ത ദൃശ്യങ്ങളിലൊന്നാണ്.

എന്നാല്‍ ഇവിടെ അധികം ആര്‍ക്കും അറിയാത്തൊരു കാര്യം വെളിപ്പെടുത്തുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇവിടെ കൈഫും യുവിയും ക്രീസില്‍ നില്‍ക്കുന്ന സമയം ടീം ഡ്രസിംഗ് റൂമിലെ അന്തരീക്ഷത്തെ കുറിച്ചാണ് സച്ചിന്‍ പറയുന്നത്.

’25ാം ഓവര്‍ അവസാനിക്കുമ്പോഴേക്കും നമുക്ക് 5 വിക്കറ്റ് നഷ്ടമായിരുന്നു. അത് ഏറെ ഞങ്ങളെ നിരാശപ്പെടുത്തി. ആ സമയം ക്രീസിലുണ്ടായത് യുവ ബാറ്റേഴ്സ് ആണ്. അവര്‍ക്ക് അധികം എക്‌സ്പീരിയന്‍സ് ഇല്ലായിരുന്നു. എന്നാല്‍ അവരില്‍ നമുക്ക് ആ ഊര്‍ജം കാണാനാവുമായിരുന്നു. സിംഗിളുകള്‍ അവര്‍ ഡബിളാക്കി. ബൗണ്ടറികള്‍ നേടി.’

‘യുവി ആക്രമിക്കുമ്പോള്‍ കൈഫ് സപ്പോര്‍ട്ടിംഗ് റോളിലായി. കൈഫ് ആക്രമിക്കുമ്പോള്‍ യുവി നേരെ തിരിച്ചും. യുവി പുറത്തായപ്പോള്‍ കൈഫ് ഉത്തരവാദിത്വം ഏറ്റെടുത്ത് അവസാനം വരെ നിന്നു. ഡ്രസിംഗ് റൂമില്‍ ഇരിക്കുന്ന പൊസിഷനില്‍ നിന്ന് മാറരുത് എന്ന് ഞങ്ങള്‍ തീരുമാനിച്ചു. അത് ഞാന്‍ എല്ലാവരോടും പറയുകയും ചെയ്തു.’

Read more

‘ദാദ ജേഴ്സിയൂരി വീശിയത് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ആര്‍ക്കും അറിയാത്ത മറ്റൊരു കഥയുണ്ട്. മത്സരത്തിന് ശേഷം യുവിയും കൈഫും എന്റെ അടുത്ത് വന്നു. ഞങ്ങള്‍ നന്നായി കളിച്ചു. എന്നാല്‍ ഇതിലും നന്നായി കളിക്കാന്‍ ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത് എന്നാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. നിങ്ങള്‍ രാജ്യത്തിന് വേണ്ടി ടൂര്‍ണമെന്റ് ജയിച്ച് കഴിഞ്ഞു. ഇതില്‍ കൂടുതല്‍ എന്ത് ചെയ്യാനാണ് എന്നാണ് ഞാന്‍ അവര്‍ക്ക് മറുപടി നല്‍കിയത്’ സച്ചിന്‍ പറഞ്ഞു.