കഴിഞ്ഞ ഒരു വർഷത്തിനിടെ ബാറ്റ്സ്മാൻ എന്ന നിലയിൽ ശ്രേയസ് അയ്യർ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ (ജിടി) 11 റൺസിന്റെ വിജയത്തിൽ പഞ്ചാബ് കിംഗ്സിനായി (പിബികെഎസ്) നടത്തിയ തകർപ്പൻ പ്രകടനത്തിന് പിന്നാലെയാണ് ഗാംഗുലിയുടെ അഭിപ്രായം വന്നത്.
പിബികെഎസ് ക്യാപ്റ്റൻ 42 പന്തിൽ നിന്ന് 9 സിക്സറുകളും അഞ്ച് ബൗണ്ടറികളും സഹിതം പുറത്താകാതെ 97 റൺസ് നേടി. 244 റൺസ് പിന്തുടർന്ന എതിരാളികൾ നിശ്ചിത ഓവറിൽ 232/5 റൺസ് നേടി. 30 കാരനായ ക്രിക്കറ്റ് താരം ദേശീയ ടീമിനായി മൂന്ന് ഫോർമാറ്റുകളിലും കളിക്കാൻ തയ്യാറാണെന്ന് ഗാംഗുലി പരാമർശിച്ചു.
“കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും മെച്ചപ്പെട്ട ബാറ്റ്സ്മാൻ ശ്രേയസ് അയ്യർ ആണ്. എല്ലാ ഫോർമാറ്റുകളിലും കളിക്കാൻ തയ്യാറാണ്. തുടക്കത്തിലേ ചില പ്രശ്നങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ പുരോഗതി കാണുമ്പോൾ സന്തോഷമുണ്ട്,” അദ്ദേഹം എക്‌സിൽ എഴുതി.
അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ടെസ്റ്റിലും ടി20യിലും അദ്ദേഹത്തെ അവഗണിച്ചു. 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ടീം ഇന്ത്യയുടെ ഏറ്റവും ഉയർന്ന റൺസ് നേടിയ കളിക്കാരനായിരുന്നു അദ്ദേഹം. ഇന്ത്യ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പര കളിക്കും, അവിടെ അയ്യർ ടീമിനൊപ്പം യാത്ര ചെയ്യാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ഏപ്രിൽ 1 ന് അടുത്ത പോരിൽ ലഖ്‌നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കിംഗ്‌സ് ഋഷഭ് പന്തിന്റെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ നേരിടുമ്പോൾ തന്റെ റൺ സ്‌കോറിംഗ് കുതിപ്പ് തുടരാൻ ശ്രേയസ് ശ്രമിക്കും.
Shreyas iyer the most improved batsman in last 1 yr .. ready for all formats . Great to see his improvement after a few issues on length @ShreyasIyer15 @bcci
— Sourav Ganguly (@SGanguly99) March 25, 2025