സങ്കടം ഉണ്ടായിരുന്നു, ഇപ്പോള്‍ ആകാംക്ഷയിലാണ്, മനസ്സ് തുറന്ന് സ്റ്റാര്‍ സ്പിന്നര്‍

ടി20 ലോക കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതിരുന്നതില്‍ സങ്കടമുണ്ടായിരുന്നെന്ന് സ്റ്റാര്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹാല്‍. എങ്കിലും ന്യൂസിലന്‍ഡിനെതിരായ പരമ്പര കളിക്കുന്നതിലെ ആകാംക്ഷയിലാണ് താനെന്നും ചഹാല്‍ പറഞ്ഞു. നാളെയാണ് ന്യൂസിലന്‍ഡുമായുള്ള ഇന്ത്യയുടെ ട്വന്റി20 പരമ്പര ആരംഭിക്കുന്നത്.

ലോക കപ്പ് വലിയൊരു വേദിയാണ്. ഇന്ത്യന്‍ ടീമില്‍ എന്റെ പേര് കാണാതായപ്പോള്‍ നിരാശയുണ്ടായി. എന്നാല്‍ കാര്യങ്ങളെ അംഗീകരിക്കുകയും മുന്നോട്ടുപോകുകയും ചെയ്യുന്നയാളാണ് ഞാന്‍. മുന്നോട്ടുപോകുയെന്നാല്‍ കൂടുതല്‍ കഠിനാദ്ധ്വാനവും പരിശീലനവുമാണ് ഉദ്ദേശിക്കുന്നത്. എല്ലാ കായിക താരങ്ങളുടെയും ജീവിതത്തില്‍ ഇത്തരത്തിലെ ഘട്ടങ്ങളുണ്ടാകാറുണ്ട്. 15 പേര്‍ക്ക് മാത്രമേ ടീമില്‍ ഇടംനേടാന്‍ സാധിക്കൂ. തീര്‍ച്ചയായും സങ്കടമുണ്ടായിരുന്നു. എന്നാല്‍ ടീമിനാണ് എപ്പോഴും പ്രധാന്യം. അടുത്ത വര്‍ഷത്തെ ടി20 ലോക കപ്പാണ് ലക്ഷ്യം- ചഹാല്‍ പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരെ കളിക്കുന്നതിന്റെ ആകാംക്ഷയിലാണ്. ഇന്ത്യക്കുവേണ്ടി കളിക്കുകയെന്നത് വലിയ കാര്യമാണ്. അതു വാക്കുകളാല്‍ വിവരിക്കാനാവില്ല. റണ്‍ നിരക്ക് തടയുകയും ടീമിനുവേണ്ടി കഴിയുന്നത്ര വിക്കറ്റ് വീഴ്ത്തുകയുമെന്ന ദൗത്യം തുടരും. പരമ്പര ജയിക്കാന്‍ ചെയ്യാന്‍ സാധിക്കുന്നതിന്റെ പരമാവധി ചെയ്യും. ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്താമെന്ന ആത്മിവിശ്വാസമുണ്ടെന്നും ചഹാല്‍ പറഞ്ഞു.