ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍ ടീം പ്രഖ്യാപനത്തില്‍ ഒരു വിഭാഗം ആരാധകര്‍ തൃപ്തരല്ല. ഏകദിനത്തില്‍ മികച്ച റെക്കോഡുള്ള മലയാളി താരം സഞ്ജു സാംസണെ വീണ്ടും തഴഞ്ഞതാണ് ആരാധകരെ അസ്വസ്തരാക്കിയിരിക്കുന്നത്.
ഏകദിനങ്ങളില്‍ മോശം പ്രകടനം തുടരുന്ന സൂര്യകുമാര്‍ യാദവ്, പരിക്കിന്റെ പിടിയിലുള്ള ശ്രേയസ് അയ്യര്‍ യുവതാരങ്ങളായ ഋതുരാജ് ഗെയ്കവാദ് തിലക് വര്‍മ എന്നിവരെല്ലാം ടീമിലിടം പിടിച്ചപ്പോഴും സഞ്ജുവിന് വിളിയെത്തിയില്ല എന്നതാണ് ആശ്ചര്യം വര്‍ധിപ്പിക്കുന്നത്. ഇപ്പോഴിതാ ഈ അവഗണനയിലുള്ള സഞ്ജുവിന്റെ പ്രതികരണം വൈറലായിരിക്കുകയാണ്.
ടീം പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് പിന്നാലെ പുഞ്ചിരിക്കുന്ന ഇമോജിയാണ് സഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ പലരും പിന്തുണയുമായി വന്നിട്ടുമുണ്ട്. ഇന്ത്യയില്‍ നിന്ന് മാത്രമല്ല പാകിസ്ഥാന്, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും സഞ്ജുവിന് പിന്തുണയുമായി ആരാധകര്‍ കമന്റുകളുമായി എത്തിയിട്ടുണ്ടെന്നാണ് ശ്രദ്ധേയം.
ഓസ്ട്രേലിയക്കെതിരെ ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ കെ.എല്‍ രാഹുലാണ് നയിക്കുന്നത്. ഈ മത്സരങ്ങളില്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോഹ്ലി, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, സ്പിന്നര്‍ കുല്‍ദീപ് എന്നിവരെ മാറ്റിനിര്‍ത്തി. ഇവര്‍ നാല് പേരും അവസാന ഏകദിനത്തിലേക്ക് മടങ്ങിയെത്തും. വെറ്ററന്‍ സ്പിന്നര്‍ ആര് അശ്വിനും ടീമിലിടം കണ്ടെത്തിയിട്ടുണ്ട്.
ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം: രാഹുൽ (സി), ഗിൽ, ഗെയ്ക്വാദ്, ശ്രേയസ്, ഇഷാൻ, സൂര്യകുമാർ, ജഡേജ, ഷാർദുൽ, ബുംറ, സിറാജ്, ഷമി, തിലക്, കൃഷ്ണ, അശ്വിൻ, സുന്ദർ.
Read more
മൂന്നാം മത്സരത്തിനുള്ള ടീം : രോഹിത് (സി), ഗിൽ, ശ്രേയസ്, രാഹുൽ, ഇഷാൻ, സൂര്യകുമാർ, ജഡേജ, ഷാർദുൽ, ബുംറ, സിറാജ്, ഷമി, പാണ്ഡ്യ, കോലി, കുൽദീപ്, അക്സർ (ഫിറ്റ്നസിന് വിധേയമായി), അശ്വിൻ, സുന്ദർ