ഇന്ത്യയിൽ വലിയൊരു ആരാധകവൃന്ദമുള്ള മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) കമന്ററി ഡ്യൂട്ടികളിൽ ഏർപ്പെട്ടിരിക്കുകയാണ്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണിന്റെ ബാറ്റിംഗിനെക്കുറിച്ച് വിശകലനം നടത്തുന്നതിനിടെയാണ് ന്യൂസിലൻഡ് താരം തന്റെ ഒഴുക്കുള്ള ഹിന്ദി ഭാഷയിലൂടെ എല്ലാവരെയും ഞെട്ടിച്ചത്.
രാജസ്ഥാൻ റോയൽസ് ബാറ്റ്സ്മാൻ സഞ്ജു സാംസണിനെതിരെ ഒരു ബൗളർ എങ്ങനെ പ്ലാൻ ചെയ്യണമെന്ന് 34 കാരനായ ബാറ്റർ ഹിന്ദിയിൽ വിശദീകരിച്ചു. ഇംഗ്ലീഷിൽ ആണ് അദ്ദേഹം പറയുന്നത് എങ്കിലും എഐ ഉപയോഗിച്ച് സംഭാഷണം ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തിരിക്കുകയാണ്.
“സഞ്ജു സാംസണിന്റെ ബാറ്റിംഗിലും പവർ ഹിറ്റിംഗിലും ഏറ്റവും പ്രധാനപ്പെട്ട ഭാഗം അദ്ദേഹത്തിന്റെ ക്രീസിലെ മൂവ്മെന്റുകളാണ്. ഷോർട്ട് ബോൾ നേരിടുമ്പോൾ ശക്തനായി കാണപ്പെടുന്നു. ബാക്ക്ഫൂട്ടിൽ നിന്നുകൊണ്ട് ഷോട്ട് മനോഹരമായി കളിക്കാൻ അവന് പറ്റും.”
ഇംഗ്ലണ്ടിനെതിരായ ഒരു ടി20 മത്സരത്തിനിടെ വിരലിനേറ്റ പരിക്കിൽ നിന്ന് ആർആർ നായകൻ സഞ്ജു സാംസൺ ഇപ്പോൾ സുഖം പ്രാപിക്കാനുള്ള പാതയിലാണ്. അതിനാൽ ആദ്യ മൂന്ന് മത്സരങ്ങൾക്കുള്ള പുതിയ ക്യാപ്റ്റനായി റിയാൻ പരാഗിനെ ഫ്രാഞ്ചൈസി നിയമിച്ചു. ഇതുവരെ രണ്ട് ഐപിഎൽ മത്സരങ്ങൾ കളിച്ച ആർആർ, രണ്ടിലും പരാജയപ്പെട്ട് നിൽക്കുകയാണ്. മാർച്ച് 30 ന് ഗുവാഹത്തിയിലെ എസിഎ സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാമത്തെ മത്സരത്തിൽ ആർആർ ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും.