ഒരോവറില്‍ ആറു സിക്സുമായി ഷുഐബ് മാലിക്ക്, ബാബറിന്റെ മറുപടി 26 പന്തില്‍ സെഞ്ചുറി

പാക് താരം ഷുഐബ് മാലിക്കും ആരാധകര്‍ക്ക് ഒരു സുന്ദര നിമിഷം സമ്മനിച്ചു. ഒരു ചാരിറ്റി മത്സരത്തിനിടെയായിരുന്നുവെന്ന് മാത്രം. ഷാഹിദ് അഫ്രീഡി ഫൗണ്ടേഷന്‍ ധനശേഖരണാര്‍ത്ഥം സംഘടിപ്പിച്ച ടിടെന്‍ മത്സരത്തിലായിരുന്നു മാലിക്കിന്റെ കൂറ്റന്‍ സിക്സുകള്‍.

പാക് ടീമിലെ സഹതാരം ബാബര്‍ അസമായിരുന്നു മാലിക്കിന്റെ ഇര. സാഫ് ഗ്രീനും സാഫ് റെഡും തമ്മില്‍ നടന്ന മത്സരത്തിന്റെ ഏഴാം ഓവറിലാണ് ആറു സിക്സുകള്‍ പിറന്നത്. ആദ്യ പന്ത് തന്നെ മാലിക്ക് ലോങ് ഓണിലേക്ക് പറത്തി. ഇതോടെ 15 പന്തില്‍ പാക് താരം അര്‍ധസെഞ്ചുറിയിലെത്തുകയും ചെയ്തു.

ആകെ 20 പന്തില്‍ 84 റണ്‍സാണ് മാലിക്ക് അടിച്ചെടുത്തത്. മാലിക്കിന്റെ ബാറ്റിങ് മികവില്‍ സാഫ് റെഡ് ടീം പത്ത് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്തുകയും ചെയ്തു.

Read more

പക്ഷേ ഇതിന് അതേ നാണയത്തില്‍ ബാബര്‍ അസം മറുപടി നല്‍കി. 26 പന്തില്‍ നിന്ന് സെഞ്ചുറി തികച്ചായിരുന്നു ബാബറിന്റെ പ്രതികാരം. 384.62 സ്ട്രെയ്ക്ക് റെയ്റ്റില്‍ ബാറ്റുചെയ്ത ബാബറിന്റെ ഇന്നിങ്സില്‍ 11 സിക്സും ഏഴു ഫോറും പിറന്നു. ഈ സെഞ്ചുറിയുടെ മികവില്‍ സാഫ് ഗ്രീന്‍ വിജയിക്കുകയും ചെയ്തു. ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീഡിയുടെ ഫോറിലൂടെയാണ് സാഫ് ഗ്രീനിന്റെ വിജയറണ്‍ വന്നത്.