ഇന്ത്യൻ ടീമിൽ ഇനി സിറാജ് വേണ്ട, പകരക്കാരനെ ചൂണ്ടിക്കാട്ടി മുൻ താരം

ആക്രമണം നയിക്കാൻ മുഹമ്മദ് ഷമി ലഭ്യമാണെങ്കിൽ, വരാനിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ആകാശ് ദീപിന് വേണ്ടി മുഹമ്മദ് സിറാജിനെ പുറത്താക്കണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ദേശീയ സെലക്ടറുമായ ജതിൻ പരഞ്ജപെ പറഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കെതിരെ തുടർച്ചയായി മൂന്നാം പരമ്പര ജയിക്കണമെങ്കിൽ, ഒരു യൂണിറ്റെന്ന നിലയിൽ ഇന്ത്യ തിളങ്ങണം എന്നാണ് മുൻ താരം പറഞ്ഞത്.

ഷമി, ബുംറ, സിറാജ് തുടങ്ങിയവരാണ് ഇന്ത്യൻ ബോളിങ്ങിനെ നയിക്കുന്നത്. എന്നാൽ ഷമിയുടെ ഫിറ്റ്നസിന്റെ കാര്യം സംശയത്തിലാണ്. സിറാജ് ആകട്ടെ സമീപകാലത്ത് അത്ര നല്ല ഫോമിലും അല്ല. ആ പോയിന്റിലാണ് ഷമി – ആകാശ് ദീപ് എന്നിവർ ഒരു സ്ഥാനത്തിനായി മത്സരിക്കുന്നത്. മുകേഷ് കുമാർ, പ്രസീദ് കൃഷ്ണ എന്നിവർ വിക്കറ്റുകൾ നേടുന്ന കാര്യത്തിൽ മികച്ചവർ ആണെങ്കിലും ആകാശ് കാണിച്ച സ്ഥിരത ഇവർ കാണിച്ചിട്ടില്ല.

ടീമിന്റെ ബൗളിങ്ങുമായി ബന്ധപ്പെട്ട് മുൻ താരം പറഞ്ഞത് ഇങ്ങനെ:

“അടിസ്ഥാനപരമായി, അവർക്ക് 16 പേരടങ്ങുന്ന ഒരു സ്ക്വാഡും കൂടാതെ ആറോ ഏഴോ കളിക്കാരുടെ ബാക്കപ്പ് സ്ക്വാഡും ഉണ്ടായിരിക്കും. ഒരുപാട് താരങ്ങൾ ടീമിനൊപ്പം യാത്ര ചെയ്യും. ഷമി ഫിറ്റ് ആണെങ്കിൽ അവന് ബൗളിംഗ് ആക്രമണം നയിക്കും. മുഹമ്മദ് സിറാജിന് മുന്നിൽ ആകാശ് ദീപ് വരണം എന്നാണ് ഞാൻ പറയുന്നത്. അത് നിലവിലെ ഫോമിനെ അടിസ്ഥാനമാക്കിയാണ്, ”പരാഞ്ജപെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“ഷമി ഫിറ്റ് അല്ലെങ്കിൽ ബുംറയ്ക്ക് പിന്നിലെ രണ്ടാമത്തെ ഫാസ്റ്റ് ബൗളറായി സിറാജ് മാറും. മൂന്നാമത്തെ ബൗളർ സ്ഥാനം ആകാശ് ദീപിനായിരിക്കും. ഈ പര്യടനത്തിൽ ഇന്ത്യ അഞ്ച് ഫാസ്റ്റ് ബൗളർമാരെ എടുക്കുമെന്ന് ഞാൻ കരുതുന്നു, അവർ ബുംറ, ഷമി, സിറാജ്, ആകാശ് ദീപ്, മുകേഷ് കുമാർ എന്നിവരായിരിക്കും. അവർ അർഷ്ദീപിനെയും മറ്റ് ഒന്നോ രണ്ടോ ഫാസ്റ്റ് ബൗളർമാരെയും ബാക്കപ്പുകളായി എടുക്കും, ”പരഞ്ജപെ കൂട്ടിച്ചേർത്തു.

ഈ വർഷം ആദ്യം റാഞ്ചിയിൽ നടന്ന നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് ടോപ് ഓർഡറിനെതിരായ തൻ്റെ അവിസ്മരണീയമായ സ്പെല്ലിലൂടെ ആകാശ് ദീപ് മതിപ്പ് സൃഷ്ടിച്ചിരുന്നു.