ടി10 ക്രിക്കറ്റില്‍ ആറാടി പൂരന്‍, 13 ബോളില്‍ ഫിഫ്റ്റി, ചങ്ക് തകര്‍ന്ന് പഞ്ചാബ്

ട്രിനിഡാഡ് ടി10 ബ്ലാസ്റ്റ് ടൂര്‍ണമെന്റില്‍ വെടിക്കെട്ട് പ്രകടനം തുടര്‍ന്ന് വിന്‍ഡീസ് ബാറ്റര്‍ നിക്കോളാസ് പൂരന്‍. ടൂര്‍ണമെന്റിലെ അതിവേഗ സെഞ്ച്വറിയ്ക്ക് പിന്നാലെ അതിവേഗ അര്‍ദ്ധ സെഞ്ച്വറിയുമായി ഞെട്ടിച്ചിരിക്കുകയാണ് താരം. 13 ബോളിലാണ് താരം അര്‍ദ്ധ സെഞ്ച്വറി നേടിയത്.

കൊക്രിക്കോ കവാലിയേഴ്സ് ടീമിനെതിരേയാണ് പൂരന്റെ ഈ അതിവേഗ ഫിഫ്റ്റി. മല്‍സരത്തില്‍ മൂന്നാമനായി ഇറങ്ങിയ താരം 14 ബോളില്‍ എട്ടു സിക്സറുകളോടെ 53 റണ്‍സാണ് പുറത്താവാതെ നേടിയത്.

പൂരന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തില്‍ മല്‍സരത്തില്‍ ജയന്റ്സ് അനായാസം ജയം പിടിച്ചു. ആദ്യം ബാറ്റ് ചെയ്ത കവാലിയേഴ്സ് നിശ്ചിത 10 ഓവറില്‍ ആറു വിക്കറ്റിനു 114 റണ്‍സെടുത്തു. മറുപടിയില്‍ പൂരന്റെ ജയന്റ്സ് 7.3 ഓവറില്‍ തന്നെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

Read more

പൂരന്റെ മികച്ച ഫോം ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ആവേശം പകര്‍ന്നിരിക്കുകയാണ്. മെഗാലേലത്തില്‍ 10.75 കോടിയ്ക്കാണ് പൂരനെ സണ്‍റൈസേഴ്‌സ് തങ്ങളുടെ പാളയത്തിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്‌സിനൊപ്പമായിരുന്നു പൂരന്‍.