ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമില്‍ അവനൊരു കല്ലുകടി, പുറത്താക്കണം; ആവശ്യവുമായി കനേരിയ

ജൂണ്‍ 1 മുതല്‍ യുഎസ്എയും വെസ്റ്റ് ഇന്‍ഡീസും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2024 ലെ വരാനിരിക്കുന്ന ഐസിസി ടി 20 ലോകകപ്പിനുള്ള ഇന്ത്യയുടെ പ്രാഥമിക 15 അംഗ ടീമില്‍ നിന്ന് റിങ്കു സിംഗിനെ ഒഴിവാക്കിയതിനെ വിമര്‍ശിച്ച് പാകിസ്ഥാന്‍ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. റിങ്കു സിംഗിനെ ഇന്ത്യ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നെന്ന് കനേരിയ പറഞ്ഞു.

യശസ്വി ജയ്സ്വാള്‍, അങ്ക്ക്രിഷ് രഘുവംശി തുടങ്ങിയവരെ ഉദ്ധരിച്ച് പ്രതിഭാധനരായ ക്രിക്കറ്റ് കളിക്കാരെ സൃഷ്ടിക്കുന്നതിലെ ഇന്ത്യയുടെ ട്രാക്ക് റെക്കോര്‍ഡ് കനേരിയ എടുത്തുപറഞ്ഞു. നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്‍ സീസണിലെ മായങ്ക് യാദവിന്റെയും അഭിഷേക് ശര്‍മ്മയുടെയും ഉദയത്തെക്കുറിച്ചും കനേരിയ സംസാരിച്ചു.

നിരവധി പ്രതിഭാശാലികളായ ക്രിക്കറ്റ് താരങ്ങളെ സൃഷ്ടിച്ച് എല്ലാവരും അംഗീകരിക്കപ്പെടുന്ന ടീമാണ് ഇന്ത്യ. യശ്വസി ജയ്സ്വാള്‍, അന്‍കൃഷ് രഘുവന്‍ഷി എന്നിവരാണ് ഈ പട്ടികയിലെ അവസാന പേരുകാര്‍. മായങ്ക് യാദവും ഇത്തവണത്തെ ഐപിഎല്ലിലൂടെ ശ്രദ്ധ നേടുന്നു. തുടര്‍ച്ചയായി സ്ഥിരതയോടെ വേഗത്തില്‍ പന്തെറിയാന്‍ അവന് കഴിവുണ്ട്. അഭിഷേക് ശര്‍മയുടെ വലിയ ഷോട്ട് കളിക്കാനുള്ള കഴിവും മികച്ചതാണ്.

റിങ്കു സിംഗിനെ ഇന്ത്യ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നു. നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യ കളിപ്പിക്കരുത്. അവന്‍ സ്ഥിരതയില്ലാത്ത പ്രകടനമാണ് നടത്തുന്നത്. ശിവം ദുബെ ഓള്‍റൗണ്ടറായുണ്ട്. സിഎസ്‌കെയ്ക്കായി മികച്ച പ്രകടനം ദുബെ നടത്തുന്നുണ്ട്.

ഇന്ത്യയുടെ ടീം ശക്തമാണെന്നാണ് കരുതുന്നത്. എന്നാല്‍ റിങ്കു, ദുബെ കൂട്ടുകെട്ടാവും മധ്യനിരക്ക് കൂടുതല്‍ കരുത്ത് നല്‍കുക- കനേരിയ പറഞ്ഞു.