പാക്കിസ്ഥാനെതിരെ നടന്ന മത്സരത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത്. ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഇഫ്തിഖർ അഹമ്മദ് എന്നിവരെ പുറത്താക്കിയ സ്പീഡ്സ്റ്റർ ഇന്ത്യയുടെ ചിരവൈരികളെ 6 റൺസിന് പരാജയപെടുന്നതിൽ നിർണായക പങ്ക് വഹിച്ചു. അയർലൻഡിനെതിരായ മത്സരത്തിലെ ആദ്യ മത്സരത്തിന് ശേഷം ജസ്പ്രീതിൻ്റെ തുടർച്ചയായ രണ്ടാമത്തെ മാൻ ഓഫ് ദി മാച്ച് അവാർഡാണിത്. ആദ്യ മത്സരത്തിൽ താരം രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്.
ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തിൽ, ഹാർദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ, അക്സർ പട്ടേൽ 20 റൺ നേടുകയും 1 വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. 42 റൺസെടുത്ത ഋഷഭ് പന്ത് സ്റ്റമ്പിന് പിന്നിൽ മൂന്ന് ക്യാച്ചുകൾ എടുത്തു. മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ ഋഷഭ് പന്തിന് പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് ലഭിക്കണമെന്ന് എന്നുള്ള അഭിപ്രായമാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. തീരുമാനങ്ങൾ എടുത്തവർക്ക് തെറ്റ് പറ്റിയെന്നും അദ്ദേഹം പറഞ്ഞു.
“മറുവശത്ത് നിന്ന് വിക്കറ്റുകൾ വീണിട്ടും ഋഷഭ് പന്ത് സുപ്രധാന റൺസ് നേടി. 42 റൺസിൻ്റെ ഒരു പ്രധാന ഇന്നിംഗ്സ് അദ്ദേഹം കളിച്ചു, അത് ടോട്ടൽ 119 ലെത്താൻ സഹായിച്ചു. വിക്കറ്റ് കീപ്പറായി അദ്ദേഹം ബുദ്ധിമുട്ടുള്ള ക്യാച്ചുകൾ എടുത്തു. പ്ലെയർ ഓഫ് ദി മാച്ച് അദ്ദേഹത്തിന് ആയിരുന്നു കിട്ടേണ്ടിയിരുന്നത് ”ഇർഫാൻ കമൻ്ററി ബോക്സിൽ പറഞ്ഞു.
രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയത്തോടെ, സൂപ്പർ 8 ഘട്ടത്തിലേക്ക് കടക്കാനുള്ള മത്സരത്തിൽ മുന്നിലാണ് ഇന്ത്യ. ടീം അടുത്തതായി ജൂൺ 12ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയെ നേരിടും.