ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ കൈവിട്ടു. ഒരു മത്സരം കൂടി ശേഷിക്കെ ഇന്ത്യ 0-2 ന് പിന്നിലാണ്. ഇത് കിവീസിനെതിരെയുള്ള ഇന്ത്യയുടെ ആദ്യ ഹോം ടെസ്റ്റ് പരമ്പര തോല്‍വിയും കൂടാതെ 12 വര്‍ഷത്തിനിടയിലെ നാട്ടിലെ ആദ്യത്തേതുമാണ്.
സ്വന്തം തട്ടകത്തില്‍ തുടര്‍ച്ചയായി 18 റെഡ് ബോള്‍ പരമ്പരകള്‍ നേടിയ ഇന്ത്യ ന്യൂസിലന്‍ഡിനോട് പൊരുതാതെ തോറ്റു. ബംഗളൂരുവില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ടോം ലാഥം നയിക്കുന്ന ടീം എട്ട് വിക്കറ്റിന്റെ ജയം രേഖപ്പെടുത്തി. പൂനെയില്‍ നടന്ന രണ്ടാം മത്സരത്തില്‍ 113 റണ്‍സായിരുന്നു ജയം. ഞെട്ടിപ്പിക്കുന്ന ഫലമുണ്ടായിട്ടും രോഹിത് ശര്‍മ്മയുടെ ടീമില്‍ മുന്‍ ഓസ്ട്രേലിയന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ് ഒരു വലിയ പോസിറ്റീവ് കണ്ടു.
2024-ലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയയ്ക്കെതിരെ മികച്ച പ്രകടനം നടത്താന്‍ ഇന്ത്യയ്ക്ക് ഈ പരാജയം നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു. ഈ പരാജയം കാരണം ഓസീസിനെ ഇന്ത്യ കൂടുതല്‍ ശക്തമായി നേരിടുമെന്ന് ഹോഗ് പറഞ്ഞു.
ന്യൂസിലന്‍ഡിനെതിരായ തോല്‍വി ഇന്ത്യന്‍ ടീമിന് സന്തോഷവാര്‍ത്തയാണ്. കാരണം ഓസ്ട്രേലിയയിലേക്ക് പോകുന്നതിന് മുമ്പ് ബലഹീനതകളെക്കുറിച്ച് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഇത് അവരെ നിര്‍ബന്ധിതരാക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തങ്ങളുടെ ടീം ജീവനോടെ നിലനില്‍ക്കുമെന്ന് ഉറപ്പാക്കാന്‍ കളിക്കാര്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യും.
അവര്‍ നന്നായി തയ്യാറായി വരും. അല്‍പ്പം കൂടുതല്‍ ഊര്‍ജവും കുറച്ചുകൂടി തീയും അല്‍പ്പം കൂടുതല്‍ ഹൃദയവും കാണിക്കും. ന്യൂസിലന്‍ഡിനെതിരായ പരമ്പര അവരുടെ ബാഗിലാണെങ്കില്‍ അവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ കഠിനമായി വന്നേനെ. എന്നാലിത് ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിന് അവരുടെ ശക്തമായ തയ്യാറെടുപ്പ് ഉറപ്പാക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയും ഓസ്ട്രേലിയയും കളിക്കുന്നത്. നവംബര്‍ 22ന് പെര്‍ത്തിലാണ് ഉദ്ഘാടന മത്സരം.