വേതാളം പോലെ കൂടെ തുടരുന്ന ശാപം..., മാർക്ക് ബൗച്ചറും ഹാർദിക്കും ചേർന്ന് മുംബൈയെ കഴുത്ത് ഞെരിച്ച് കൊന്നത് ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ൽ മുംബൈ ഇന്ത്യൻസിന് ഒന്നും ശരിയാകുന്നില്ല. ടീം പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയാണ്. ഇതുവരെ 11 മത്സരങ്ങളിൽനിന്ന് മൂന്ന് വിജയങ്ങൾ മാത്രമാണ് അവർ നേടിയത്. അതിനാൽത്തന്നെ അവരുടെ പ്ലേ ഓഫ് സ്വപ്നം വിദൂരത്താണ്. ഇപ്പോഴിതാ മുംബൈയുടെ മോശം പ്രകടനത്തിൽ അവരെ വിമർശിച്ച് ആരാധകർ രംഗത്ത് എത്തുമ്പോൾ മുംബൈയുടെ അടുത്ത സീസണിൽ വമ്പൻ മാറ്റങ്ങൾ ടീമിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്.

രോഹിത് ശർമ്മയടക്കം ടീമിലെ പല താരങ്ങളും ടീം വിടുമെന്ന് ഉറപ്പാണ്. ഹാർദികിന്റെ നേതൃത്വത്തിൽ മുംബൈ ഒരു യുവടീമിനെ വളർത്തിയെടുക്കണം എന്ന് തന്നെയാണ് കരുതപ്പെടുന്നത്. മുംബൈ പരിശീലകനായി മാർക് ബൗച്ചറും നായകനായി ഹാർദിക്കും എത്തിയതോടെ ടീമിൽ വന്ന കുഴപ്പങ്ങൾ എന്താണെന്ന് നോക്കാം.

മാർക്ക് ബൗച്ചർ മുംബൈ ഇന്ത്യൻസിൽ പരിശീലകനായി ചേർന്നത് മുതൽ:-

• പൊള്ളാർഡിനെ നിർബന്ധിതമായി വിരമിപ്പിച്ചു
• കാമറൂൺ ഗ്രീനിനെ നീക്കം ചെയ്തു
• ട്രിസ്റ്റൻ സ്റ്റബ്സിനെ നീക്കം ചെയ്തു
• രോഹിത് ശർമ്മയെ ക്യാപ്റ്റൻസിയിൽ നിന്ന് നീക്കം ചെയ്തു

ഹാർദിക് വന്നതോട് കൂടി ആരാധകരും മുംബൈക്ക് എതിരെ തിരിഞ്ഞതോടെ എന്തിനായിരുന്നു ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്നായിരിക്കും മുംബൈ ഉടമകൾ ചോദിക്കുന്നത്. ഇന്നലെ നടന്ന നിർണായക മത്സരത്തിൽ കൊൽക്കത്തയോട് മുംബൈ പരാജയപ്പെട്ടു. ഓൾറൗണ്ട് മികവിൽ 24 റൺസിനായിരുന്നു കൊൽക്കത്തയുടെ ജയം. 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയെ 18.5 ഓവറിൽ 145 റൺസിന് എറിഞ്ഞിട്ടാണ് കൊൽക്കത്ത തങ്ങളുടെ ഏഴാം ജയം സ്വന്തമാക്കിയത്. ജയത്തോടെ 14 പോയന്റുമായി കൊൽക്കത്ത പ്ലേ ഓഫ് ബർത്തിനടുത്തെത്തി.