പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിസിസിഐ. നിലവിലെ കോച്ച് രാഹുല്‍ ദ്രാവിഡ് 2024 ലെ ടി20 ലോകകപ്പിന് ശേഷം സ്ഥാനം ഒഴിയും. ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറാണ് ദ്രാവിഡിന്റെ പിന്‍ഗാമിയാകാന്‍ സാധ്യതയുള്ളവരില്‍ മുന്‍നിരയിലുള്ള താരം. ഐപിഎല്‍ 2024-ല്‍ കെകെആറിനെ വിജയത്തിലേക്ക് നയിച്ചതിന് ശേഷം ഇന്ത്യന്‍ പരിശീലകനെന്ന നിലയില്‍ ഗംഭീറിന്റെ ഓഹരികള്‍ കുതിച്ചുയര്‍ന്നു.
മിക്ക മുന്‍ താരങ്ങളും രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഇന്ത്യന്‍ ടീമിന്റെ പുതിയ ഹെഡ് കോച്ചായി ഗൗതം ഗംഭീറിനെ പിന്തുണച്ചിട്ടുണ്ട്. കുട്ടി ക്രിക്കറ്റിന്റെ ഉദ്ഘാടന പതിപ്പില്‍ എംഎസ് ധോണിയുടെ ടീമിനെ ചരിത്രപരമായ കിരീടത്തിലേക്ക് നയിച്ച ഇന്ത്യന്‍ മുന്‍ കോച്ച് ലാല്‍ചന്ദ് രാജ്പുത്തും ഗംഭീര്‍ അടുത്ത മുഖ്യ പരിശീലകനാകണമെന്ന പ്രതീക്ഷ പങ്കുവെച്ചു.
”ഗംഭീര്‍ പരിചയസമ്പന്നനാണ്, കായികരംഗത്ത് കഠിനമായ രീതിയില്‍ കളിച്ചിട്ടുണ്ട്. അവന്‍ ഗെയിം നന്നായി വായിക്കുന്നു, ഒരു വിഡ്ഢിത്തവുമില്ലാത്ത ആളാണ് അവന്‍,”രാജ്പുത് പറഞ്ഞു.
2024-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ അവരുടെ മൂന്നാം ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ചതിന് ശേഷം ഗൗതം ഗംഭീറിന്റെ ഗ്രാഫ് കുതിച്ചുയര്‍ന്നു. മുഖ്യപരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 27 ആയിരുന്നുവെങ്കിലും, കെകെആര്‍ ഉപദേശകനായ ഗംഭീര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല. ഗംഭീറിനെ സംബന്ധിച്ചിടത്തോളം ദേശീയ ടീമിനെ പരിശീലിപ്പിക്കാനുള്ള അവസരമാണ് പരമമായ ബഹുമതി.