ഇംഗ്ലീഷ് സ്വപ്‌നം തകര്‍ത്ത് കിവികളുടെ ചിറകടി: ത്രില്ലറിനൊടുവില്‍ ഫൈനലില്‍

ഇംഗ്ലീഷ് സ്വപ്‌നം തകര്‍ത്ത് കിവികളുടെ ചിറകടി: ത്രില്ലറിനൊടുവില്‍ ഫൈനലില്‍
ട്വന്റി20 ലോക കപ്പില്‍ ന്യൂസിലന്‍ഡിന് കന്നി ഫൈനല്‍. ക്രിക്കറ്റ് ആരാധകരെ ത്രസിപ്പിച്ച സെമിയില്‍ മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് തുരത്തിയാണ് കിവികള്‍ കുതിച്ചത്. ഇതോടെ, 2016 ടി20 ലോക കപ്പ് സെമിയിലും 2019 ഏകദിന ലോക കപ്പ് ഫൈനലിലും ഇംഗ്ലണ്ടിനോടേറ്റ തോല്‍വികള്‍ക്ക് കണക്കുതീര്‍ക്കാനും ന്യൂസിലന്‍ഡിന് സാധിച്ചു. പാകിസ്ഥാന്‍- ഓസ്‌ട്രേലിയ രണ്ടാം സെമി ഫൈനലിലെ വിജയികളെ കലാശപ്പോരില്‍ ന്യൂസിലന്‍ഡ് നേരിടും. സ്‌കോര്‍: ഇംഗ്ലണ്ട്-166/4 (20 ഓവര്‍). ന്യൂസിലന്‍ഡ്- 167/5 (19).

കളിയുടെ ഭൂരിഭാഗം സമയങ്ങളിലും ആധിപത്യം പുലര്‍ത്തിയ ഇംഗ്ലണ്ടിനെ അവസാന നാല് ഓവറിലാണ് ന്യൂസിലന്‍ഡ് ഞെട്ടിച്ചത്. വെടിക്കെട്ട് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (4), നായകന്‍ കെയ്ന്‍ വില്യംസണ്‍ (5) എന്നിവരെ അതിവേഗം മടക്കിയ ഇംഗ്ലണ്ട് തുടക്കത്തിലേ ന്യൂസിലന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കി. എങ്കിലും ഡെവൊന്‍ കോണ്‍വേയും ഡാരല്‍ മിച്ചലും കിവി ഇന്നിംഗ്‌സിനെ മുന്നോട്ടുകൊണ്ടുപോയി. ഈ സഖ്യം ഏറെ നേരം പിടിച്ചുനിന്നു. പക്ഷേ, ന്യൂസിലന്‍ഡിന്റെ റണ്‍റേറ്റ് ഉയര്‍ത്താന്‍ അതുപോരായിരുന്നു. പതിനാലാം ഓവറില്‍ ലിയാം ലിവിങ്‌സ്റ്റനെ കയറിയടിക്കാന്‍ ശ്രമിച്ച കോണ്‍വേയെ (46) വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്‌ലര്‍ സ്റ്റംപ് ചെയ്തതോടെ ന്യൂസിലന്‍ഡ് കൂടുതല്‍ പ്രതിസന്ധിയിലായി. ഗ്ലെന്‍ ഫിലിപ്‌സിനെയും (2) ലിവിങ്സ്റ്റണ്‍ അധികം കളിക്കാന്‍ വിട്ടില്ല. നാല് ഓവറില്‍ 22 റണ്‍സിന് രണ്ട് വിക്കറ്റുമായി ലിവിങ്‌സ്റ്റണ്‍ 16-ാം ഓവറില്‍ തന്റെ സ്‌പെല്‍ അവസാനിപ്പിക്കുമ്പോള്‍ ഇംഗ്ലണ്ട് ജയമുറപ്പിച്ചു.

എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ജയിംസ് നീഷം കളിയുടെ ഗതി തിരിച്ചു. ക്രിസ് ജോര്‍ഡാനെ രണ്ട് സിക്‌സിനും ഒരു ബൗണ്ടറിക്കും ശിക്ഷിച്ച നീഷം ഹിറ്റിങ് പവര്‍ കാട്ടിയപ്പോള്‍ 23 മൂന്ന് റണ്‍സ് ഒരോവറില്‍ പിറന്നു. വഴിവിട്ട ബോളിംഗിലൂടെ ജോര്‍ഡാന്‍ ന്യൂസിലന്‍ഡിന് ധാരാളം റണ്‍സ് നല്‍കിയതോടെ ഇംഗ്ലണ്ട് വിരണ്ടു. അപ്പോള്‍ ഡാരല്‍ മിച്ചല്‍ മറുവശത്തുണ്ടായിരുന്നു. 18-ാം ഓവറില്‍ ആദില്‍ റാഷിദിനെ നീഷവും മിച്ചലും സിക്‌സിനു പറത്തി. അവസാന പന്തില്‍ നീഷത്തെ (11 പന്തില്‍ 27, ഒരു ഫോര്‍, മൂന്ന് സിക്‌സ്) റാഷിദ്, ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്റെ കൈകളിലെത്തിച്ചപ്പോള്‍ ഇംഗ്ലണ്ട് പ്രതീക്ഷ വീണ്ടെടുത്തു.

എന്നാല്‍ ന്യൂസിലന്‍ഡ് ഇന്നംഗ്‌സിനെ ചുമലിലേറ്റിയ മിച്ചല്‍ പിന്നീട് വിശ്വരൂപം കാട്ടി. ക്രിസ് വോക്‌സിനെ ഇരട്ട സിക്‌സിനും ബൗണ്ടറിക്കും തുരത്തിയ മിച്ചല്‍ (47 പന്തില്‍ 72 നോട്ടൗട്ട്, നാല് ഫോര്‍, നാല് സിക്‌സ്) ഒരോവര്‍ ബാക്കിവെച്ച് ന്യൂസിലന്‍ഡിന് മറക്കാനാവാത്ത ജയം സമ്മാനിച്ചു. ഇംഗ്ലണ്ടിനുവേണ്ടി ലിവിങ്‌സ്റ്റണിന് പുറമെ വോക്‌സും രണ്ട് വിക്കറ്റ് സ്വന്തമാക്കി.

Read more

നേരത്തെ ആദ്യ പത്ത് ഓവറില്‍ പതുങ്ങിയ ഇംഗ്ലണ്ടിന് മൊയീന്‍ അലി നടത്തിയ കടന്നാക്രമണമാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്, 37 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്സും അടക്കം 51 റണ്‍സുമായി അലി പുറത്താകാതെ നിന്നു. 41 റണ്‍സെടുത്ത ഡേവിഡ് മലാന്‍ ഇംഗ്ലണ്ടിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. ജോസ് ബട്ട്ലറു (29) ഇംഗ്ലീഷ് നിരയില്‍ മോശമാക്കിയില്ല. ന്യൂസിലന്‍ഡ് ബോളര്‍മാരില്‍ ടിം സൗത്തിയും ആദം മില്‍നെയും ഇഷ് സോധിയും ജയിംസ് നീഷവും ഓരോരുത്തരെ വീതം പുറത്താക്കി. മിച്ചല്‍ പ്ലേയര്‍ ഓഫ് ദ മാച്ച്.