ലോകമെമ്പാടുമുള്ള ഒരുപാട് ഇന്റര്‍നാഷ്ണല്‍ സോക്കര്‍ ആരാധകര്‍ കഴിഞ്ഞാല്‍ ഭ്രാന്തമായി ഒരു കളിയെയും അതിലേ കളിയ്ക്കാരെയും ദൈവത്തെ പോലെ കണ്ടിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ഫാന്‍സിന്റ മുന്നിലേക്കാണ് ആദ്യം മനോജ് പ്രഭാകറും ഹാന്‍സി ക്രോണിയയും കൊഴ എന്ന ദുര്‍ഭൂതത്തെ തുറന്ന് വിടുന്നത്.. പല വിഗ്രഹങ്ങളും അതില്‍ വീണുടഞ്ഞു..
ആരാധകര്‍ പോലും കൈവിട്ട ടീം ഇന്ത്യയെ അവിടെ നിന്ന് പിടിച്ചുയര്‍ത്താന്‍ നമ്മുക്കായി ഒരു ദാദ അവതരിച്ചു. കോഴയുടെ പിന്നാമ്പുറ കളികളില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റിന്റ അവിശിഷ്ടങ്ങളില്‍ കാലുറപ്പിച്ചുകൊണ്ട് രക്ഷാപ്രവര്‍ത്തനത്തിന് രണ്ടും കല്പിച്ചിറങ്ങിയ ദാദയ്ക്കു പോലും ലോക ജേതാവിന്റ സിംഹാസനത്തിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റിനെ കൈപിടിച്ചുയര്‍ത്താന്‍ കഴിഞ്ഞില്ല.സര്‍വ്വപ്രതാപിയായി പോണ്ടിങ് എന്ന അമാനുഷികന്‍ നിറഞ്ഞാടിയപ്പോള്‍ ജൊഹനസ്ബര്‍ഗിലെ ആ മൈതാനത് ഇന്ത്യന്‍ കണ്ണീര്‍ വീണു.
വര്‍ഷങ്ങള്‍ കഴിഞ്ഞു, പോണ്ടിങിന്റ ചിറകിലേറി മൈറ്റി ഓസീസ് ഇന്ത്യന്‍ പ്രതീക്ഷകളെ പച്ചയ്ക്ക് കത്തിച്ച അതേ ജോഹന്നാസ്ബര്‍ഗ്. നായകനായി തന്ത്രങ്ങളുടെ തമ്പുരാനായ ഒരു ജാര്‍ഖണ്ഡുകാരന്‍. മഹേന്ദ്ര സിംഗ് ധോണി. എതിരാളികളായി പാക്ക് പട.
അതിവേഗത കൊണ്ട് എക്കാലവും ഇന്ദ്രജാലം തീര്‍ക്കുന്ന പാക് പേസ് ഫാക്ടറികളില്‍ നിന്ന് ഒരിയ്ക്കലും അവസാനിയ്ക്കാത്ത വീര്യവുമായി എത്തിയ ഒമര്‍ ഗുല്‍ , മുഹമ്മദ് ആസിഫ് , സൊഹൈല്‍ തന്‍വീര്‍ ത്രീമൂര്‍ത്തികള്‍ ഇന്ത്യന്‍ മധ്യ നിരയെ കശക്കിയെറിഞ്ഞപ്പോള്‍ തിരിച്ചടിയ്ക്കാന്‍ നമ്മുക്ക് ആകെ ഉണ്ടായിരുന്നത് ഗൗതം ഗംഭീറും രോഹിത് ശര്‍മയും മാത്രം..
ശര്‍മയുടെ അവസാന ഓവറുകളില്‍ വമ്പനടികളിലൂടെ ഇന്ത്യന്‍ സ്‌കോര്‍ 157
രുദ്ര പ്രതാപ്പ് സിംഗ് എന്ന ആര്‍ പി സിങ് അത് വരെ തുടര്‍ന്നുവന്ന അതേ ഫോമില്‍ മികച്ച തുടക്കം ഇന്ത്യക്ക് നല്‍കുന്നു..
യൂനുസ് ഖാനെ കൂട്ടുപിടിച്ചു ശ്രീശാന്തിനെ കടന്നാക്രമിച്ചുകൊണ്ട് ഇമ്രാന്‍ നസീറിന്റെ ചിറകിലേറി പാക് തിരിച്ചടി.. അടിയ്ക്ക് തിരിച്ചടി പോലെ ഇന്ത്യന്‍ രക്ഷകനായി റോബിന്‍ ഉത്തപ്പയുടെ ഡയറക്ക്ട് ത്രോയില്‍ നസീര്‍ റണ്‍ ഔട്ടായി. അവിടുന്ന് കളം വാഴാന്‍ ഇന്ത്യയ്ക്കായി മറ്റൊരു രക്ഷകന്‍ വന്നു. ഇര്‍ഫാന്‍ പത്താന്‍ എന്ന സ്വിങ് ബൗളിങിന്റ വണ്ടര്‍ കിഡ് വിസ്മയ പ്രകടനത്തോടെ പാക് മധ്യനിരയില്‍ സര്‍വനാശം വിതച്ചപ്പോള്‍ പാക്ക് കൗണ്ടര്‍ അറ്റാക്കിങ്ങില്‍ , വിജയത്തില്‍ നിന്ന് അകലേക്ക് പോയ ഇന്ത്യന്‍ പ്രതീക്ഷകള്‍ വീണ്ടും മുളപൊട്ടി.
പിന്നെ കാണുന്നത് ഇന്ത്യയുടെ ഉറപ്പിച്ച വിജയത്തില്‍ നിന്ന് പാകിസ്ഥാന്റെ തകര്‍ന്നുവീണ പ്രതീക്ഷകളെ , എരിഞ്ഞമര്‍ന്ന ചിതയില്‍ നിന്ന് ഉയര്‍ന്നുവന്ന ഒരു ഫീനിക്‌സ് പക്ഷിയുടെ കരുത്തോടെ ചുമലിലേറ്റിയ പാക് പടനായകന്‍ മിസ്ബയുടെ ചെറുത്തുനില്‍പ്പായിരുന്നു.. അവസാന ഓവര്‍ , ഇന്ത്യക്കും ചരിത്രത്തിനും ഇടയില്‍ 6 പന്തുകള്‍.. പ്രതിരോധിയ്ക്കേണ്ട 13 റണ്‍സും, എറിഞ്ഞിടേണ്ടത് 1 വിക്കറ്റും.. സ്ട്രൈക്കില്‍ മിസ്ബാ ഉല്‍ ഹഖ്..
ബോളുമായി ഇന്ത്യന്‍ സ്പിന്നിന്റ് ടാര്‍ബണേറ്റര്‍ അവതരിയ്ക്കും എന്ന ഏവരും ഉറപ്പിച്ച ആ നിമിഷം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്.. പാളിപ്പോയാല്‍ ക്യാപ്റ്റന്‍സി മാത്രമല്ല ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുള്ള ധോണിയുടെ സര്‍ജിയ്ക്കല്‍ സ്ട്രൈക്.. കാര്യമായ ഒരു ഇന്റര്‍നാഷണല്‍ എക്സ്പീരിയന്‍സ് പോലും ഇല്ലാത്ത ജോഗിന്ദര്‍ ശര്‍മയ്ക്ക് ബോള്‍ നല്‍കുമ്പോള്‍ ധോണിയുടെ മനസ്സില്‍ ഒരുപക്ഷെ സ്പിന്നിനെതിരെ മിസ്ബാ എന്നും പുലര്‍ത്തിയിരുന്ന ആധിപത്യയവും 17 ആം ഓവറില്‍ ഹര്‍ഭജനെതിരെ നേടിയ 3 സിക്‌സുകയും മാത്രമായിരിക്കും ഉണ്ടായിരുന്നിരിയ്ക്കുക.
തുടക്കം വൈഡിലൂടെ, പുറകെ ഒരു ഡോട്ട് , അടുത്തത് ഇന്ത്യന്‍ പ്രതീക്ഷകളെ കശക്കിയെറിഞ്ഞു കൊണ്ട് കാണികള്‍ക്കിടയില്‍ സിക്‌സറായി പറന്നിറങ്ങി. തലതിരിഞ്ഞ ഇന്ത്യന്‍ ക്യാപ്റ്റന്റ് ഹിമാലയന്‍ മണ്ടത്തരത്തിന് പ്രതികാരമെന്നപൊലെ ധോണിയുടെ രക്തത്തിനായി സ്‌പോര്‍ട്‌സ് പാപ്പരാസികളുടെ അച്ചുകളില്‍ മഷി പുരണ്ടു.. 4 പന്തുകള്‍ , വേണ്ടത് 6 റണ്‍സ്.. വിക്കറ്റിന്റ പിന്നിലെ നായകന്റ പ്രതീക്ഷകളുമായി ജോഗിന്ദര്‍ ശര്‍മയുടെ ഫുള്‍ ലെങ്ത് ഡെലിവറി. ലോകത്തിന്റ ഏതുകോണിലും ഒരു മലയാളി ഉണ്ടെന്നുള്ളത് മറന്നുകൊണ്ട് വിജയമുറപ്പിയ്ക്കാന്‍ പാക് പടനായകന്‍ മിസ്ബയുടെ സ്‌കൂപ് ഷോട്ട്..
” IN THE AIR ‘
‘ SREESAANTH TAKES IT’
‘ ITS HISTORY’
‘ INDIA WINS THE FIRST T20 WORLD CUP’
ചരിത്രം തിരുത്തിയ ധോണി പടയുടെ കുതിപ്പിന് ഇന്ന് 16 വയസ്.
എഴുത്ത്: ഷിയാസ് കെ.എസ്
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍