സഞ്ജുവിന് കീഴില്‍ മിന്നുംപ്രകടനം, ആര്‍.സി.ബിയുടെ വെടിക്കെട്ട് താരം ഇന്ത്യന്‍ ടീമിലേക്ക്!

ഐപിഎല്ലിലെ ശ്രദ്ധേയമായ പ്രകടനത്തിലുടെ ശ്രദ്ധിക്കപ്പെട്ട മധ്യപ്രദേശ് ബാറ്റര്‍ രജത് പതിധാര്‍ ഇന്ത്യന്‍ ടീമിലേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ താരത്തെ ഉള്‍പ്പെടുത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

സഞ്ജു സാംസണിനു കീഴില്‍ ഇപ്പോള്‍ പുരോഗമിക്കുന്ന ന്യൂസിലാന്‍ഡ് എയ്ക്കെതിരായ ഏകദിന പരമ്പരയില്‍ പതിധാര്‍ ശ്രദ്ധേയമായ പ്രകടനമാണ് നടത്തുന്നത്. ഇതാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരേ അദ്ദേഹത്തെ സീനിയര്‍ ടീമിലേക്കു പരിഗണിക്കാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിക്കുന്നത്.

ഐപിഎല്ലില്‍ ആര്‍സിബിക്കായി തിളങ്ങിയ താരം രഞ്ജി ട്രോഫിയുടെ ഫൈനലില്‍ സെഞ്ച്വറി കുറിച്ചിരുന്നു. ന്യൂസിലാന്‍ഡ് എയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിനായി രണ്ടു സെഞ്ച്വറികളും അദ്ദേഹം നേടി. കൂടാതെ കിവീസിനെതിരായ ആദ്യ ഏകദിനത്തില്‍ പുറത്താവാതെ 45 റണ്‍സും പാട്ടിധര്‍ സ്‌കോര്‍ ചെയ്തിരുന്നു.

Read more

ടി20 പരമ്പരയ്ക്കു ശേഷം നടക്കുന്ന മൂന്നു മല്‍സരങ്ങളുടെ തന്നെ ഏകദിന പരമ്പരയില്‍ രണ്ടാംനിര ടീമിനെയാണ് ഇന്ത്യ പരീക്ഷിക്കുക. ശിഖര്‍ ധവാനാണ് ടീമിന്റെ നായകന്‍. സഞ്ജു സാംസണായിരിക്കും വിക്കറ്റ് കാക്കുക. യുവതാരം ശുഭ്മാന്‍ ഗില്ലും ടീമിലുണ്ട്.