ആ യുവതാരം ഇന്ത്യക്കായി കളിക്കുന്ന കാലം വിദൂരമല്ല, അത്രയും മിടുക്കനായ താരമാണവൻ; സൂപ്പർ താരത്തെ പുകഴ്ത്തി ആകാശ് ചോപ്ര

ഈ സീസണിലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്ത തിലക് വർമ്മയെ ആകാശ് ചോപ്ര അഭിനന്ദിച്ചു. ഈ യുവതാരം ടീം ഇന്ത്യയ്‌ക്കായി കളിക്കുന്നത് കാണുന്നതിന് അധികം താമസം ഉണ്ടാകില്ലെന്നും ചോപ്ര കണക്കു കൂട്ടുന്നു.

ഇന്നലെ ഡൽഹിക്ക് എതിരെ 173 റൺസ് പിന്തുടർന്ന മുംബൈക്കായി 29 പന്തുകളിൽ തിലക് 41 റൺസ് നേടിയിരുന്നു. അവസാനം അതീവ സമ്മർദ്ദത്തിലേക്ക് നീങ്ങി മത്സരം സ്വന്തമാക്കിയ മുംബൈയെ എന്തായാലും തിലകിന്റെ പ്രകടനം നല്ല രീതിയിൽ സഹായിച്ചു.

തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ, മുംബൈ ഇന്ത്യൻസിന്റെ ചേസിംഗിലെ ചില പ്രത്യേകതകൾ ചോപ്ര പറഞ്ഞു, അതിലെ തിലകിന്റെ പ്രകടനത്തെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ.

“ഇല്ലാത്ത റണ്ണെടുക്കുന്നതിനിടയിൽ ഇഷാൻ കിഷൻ റണ്ണൗട്ടായി. സൂര്യകുമാർ യാദവിന് കണ്ണിന് പരിക്കേറ്റതുകൊണ്ട് ആ സ്ഥാനത്താണ് താരം ഇറങ്ങിയത്. അങ്ങനെ തിലക് വർമ്മ മൂന്നാം നമ്പറിൽ എത്തി. അദ്ദേഹം എത്ര നന്നായിട്ടാണ് രോഹിതുമായി ചേർന്ന് കളിച്ചത്. ഒട്ടും വൈകാതെ അദ്ദേഹത്തെ നമുക്ക് ഇന്ത്യൻ ജേഴ്സിയിൽ കാണാൻ സാധിക്കും.”

സൂര്യകുമാർ തീർത്തും മങ്ങിയ ഫോമിൽ കളിക്കുന്നതിനാൽ തന്നെ തിലകിന്റെ പ്രകടനം മുന്നോട്ടുള്ള മത്സരങ്ങളിൽ മുംബൈക്ക് അതിനിർണായകമാകും.