'അങ്ങനൊരു നിയമമില്ല'; ഗൗതം ഗംഭീറിനെ ഒതുക്കാന്‍ ഓസീസ് താരങ്ങള്‍ക്കൊപ്പം കൂടി വോണ്‍

റിക്കി പോണ്ടിംഗിനെതിരെ ഗൗതം ഗംഭീര്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. ടെസ്റ്റ് ക്രിക്കറ്റിലെ വിരാട് കോഹ്ലിയുടെ മോശം പ്രകടനത്തെ പോണ്ടിംഗ് ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇന്ത്യന്‍ താരങ്ങളെ കുറിച്ച് പറയുന്നതിന് പകരം ഓസ്ട്രേലിയയില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ എന്നാണ് ഗംഭീര്‍ പോണ്ടിംഗിന് മറുപടിയായി പറഞ്ഞത്. ഇതിനെ പ്രതിരോധിച്ച വോണ്‍ മറ്റ് ടീമുകളെക്കുറിച്ചോ കളിക്കാരെക്കുറിച്ചോ സംസാരിക്കാന്‍ പാടില്ലെന്ന് നിയമമില്ലെന്ന് വോണ്‍ പറഞ്ഞു.

ഇന്ത്യയുടെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീറിനെ കാണുന്നത് എനിക്ക് ഇഷ്ടമാണ്. കാരണം അദ്ദേഹം എരിവുള്ളയാളാണ്. എന്നാല്‍ പോണ്ടിങ്ങിനെക്കുറിച്ച് ഗംഭീര്‍ പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടില്ല. ഒരു പ്രത്യേക ടീമിനെക്കുറിച്ചോ കളിക്കാരനെക്കുറിച്ചോ സംസാരിക്കുന്നതില്‍ നിന്ന് ഒരു മുന്‍ കളിക്കാരനെ തടയാന്‍ നിങ്ങള്‍ക്ക് ഒരു മാര്‍ഗവുമില്ല.

ഹെയ്ഡന്‍ ഇന്ത്യയില്‍ ധാരാളം സമയം ചെലവഴിച്ചു, അത് ഇന്ത്യന്‍ കളിക്കാരെ കുറിച്ച് സംസാരിക്കാന്‍ അദ്ദേഹത്തെ അനുവദിക്കുന്നു. ഓസ്ട്രേലിയയ്ക്കെതിരായ ടീം ഇന്ത്യയുടെ പ്രകടനത്തെക്കുറിച്ച് ഞങ്ങള്‍ അഭിപ്രായമിടും. പക്ഷേ ഞാന്‍ ഗംഭീറിന്റെ യുക്തി പ്രയോഗിക്കുകയാണെങ്കില്‍, ഞാന്‍ ഓസ്ട്രേലിയ വിട്ട് ഇംഗ്ലണ്ടിലേക്ക് മടങ്ങണം- വോണ്‍ കൂട്ടിച്ചേര്‍ത്തു.

ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഗംഭീറിന് കാര്യങ്ങള്‍ എളുപ്പമാകില്ലെന്നും ഇന്ത്യ ഒരു കളി തോറ്റാല്‍ പോണ്ടിംഗ് എങ്ങനെ പ്രതികരിക്കും എന്നത് രസകരമായിരിക്കുമെന്നും അദ്ദേഹം ഗംഭീറിന് മുന്നറിയിപ്പ് നല്‍കി. നേരത്തെ ഗംഭീറിനെ ഇന്ത്യന്‍ ക്രിക്കറ്റിന് അനുയോജ്യനല്ലെന്ന് ടിം പെയ്ന്‍ വിശേഷിപ്പിച്ചിരുന്നു. ബ്രാഡ് ഹാഡിനും ഗംഭീറിനെ കളിയാക്കി.