വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ കാണികള്‍ എത്താതിരുന്ന കാര്യവട്ടത്തെ ഇന്ത്യ-ശ്രീലങ്ക മത്സരം കാണാന്‍ കായിക മന്ത്രി വി.അബ്ദുറഹിമാനും എത്താതിരുന്നത് ശ്രദ്ധേയമായി. സെപ്റ്റംബറില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരം കാണാന്‍ മന്ത്രി എത്തിയിരുന്നതാണ്. എന്നാല്‍ ഇത്തവണ എന്തുകൊണ്ട് കായികമന്ത്രി എത്തിയില്ല എന്നത് ഒരു ചോദ്യമാണ്? വിവാദങ്ങളാണ് അതിന് പിന്നിലെന്ന് പൂര്‍ണമായും പറയാനാവില്ല.
സെപ്റ്റംബറില്‍ നടന്ന ടി20 മത്സരം കാണാന്‍ മന്ത്രി വന്നപ്പോള്‍ അന്ന് അദ്ദേഹത്തിനൊപ്പം വന്നവരെ ബിസിസിഐ ഭാരവാഹികള്‍ ഇരുന്ന വിഐപി ബോക്‌സിലേക്കു കടക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് മന്ത്രി വേഗം മടങ്ങുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതിഷേധം മനസില്‍ സൂക്ഷിച്ചിരുന്നോ എന്നറിയില്ലെങ്കിലും ഇന്നലെ വരാതിരുന്നതിന് ഇതും ഒരു കാരണമായി കാണുന്നതില്‍ തെറ്റില്ല.
അതേസമയം സ്പീക്കര്‍ എ.എന്‍.ഷംസീര്‍, ശശി തരൂര്‍ എംപി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, സച്ചിന്‍ ദേവ് എംഎല്‍എ, കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ തുടങ്ങിയവര്‍ ഇത്തവണ കളി കാണാനെത്തി.
Read more
ആകെ വില്‍പനയ്ക്കുള്ളതിന്റെ അഞ്ചിലൊന്ന് ടിക്കറ്റ് മാത്രമാണു വിറ്റുപോയത്. കൃത്യമായി പറഞ്ഞാല്‍ 6201 ടിക്കറ്റ്! സ്‌പോണ്‍സര്‍മാരുടെ ഉള്‍പ്പെടെ കോംപ്ലിമെന്ററി ടിക്കറ്റിലൂടെയാണ് ബാക്കിയുള്ളവര്‍ എത്തിയത്. സ്‌പോണ്‍സേഴ്‌സ് ഗാലറി ഒഴികെ ഒരിടത്തും പകുതി പോലും കാണികള്‍ ഉണ്ടായില്ല.