ഇനി ആ ചോദ്യം ആരും ചോദിക്കരുത്, എന്ന് പാഡഴിക്കും എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരവുമായി വിരാട് കോഹ്‌ലി; ഒപ്പം ആരാധകരോട് സന്ദേശവും

അടുത്തിടെ നടന്ന ഒരു പരിപാടിയിൽ ആരാധകർക്ക് ആശ്വാസ വാർത്ത നൽകി വിരാട് കോഹ്‌ലി രംഗത്ത്. ഉടനടി വിരമിക്കുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് കോഹ്‌ലി വിരാമം ഇട്ടിരിക്കുകയാണ്. കളി ആസ്വദിക്കുന്നിടത്തോളം കാലം താൻ ക്രിക്കറ്റ് കളിക്കുമെന്ന് 36 കാരൻ താരം പറഞ്ഞു. ചാമ്പ്യൻസ് ട്രോഫി വിജയത്തിന് പിന്നാലെ കോഹ്‌ലി വിരമിക്കുമെന്ന റിപ്പോർട്ട് വരുന്നതിനിടെയാണ്താൻ ഉടനെയൊന്നും വിരമിക്കില്ല എന്ന് കോഹ്‌ലി തന്നെ പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി, അന്താരാഷ്ട്ര ക്രിക്കറ്റിൽ കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും ഭാവിയെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. രണ്ട് സീനിയർ ബാറ്റ്‌സ്മാൻമാർക്കും ഓസ്‌ട്രേലിയയിൽ മോശം ടെസ്റ്റ് പര്യടനങ്ങളായിരുന്നു. 2025 ലെ ചാമ്പ്യൻസ് ട്രോഫി വിജയത്തിൽ ഇരുവരും നിർണായക പങ്കുവഹിച്ചതിനുശേഷവും, ഇത് ഇരുവരുടെയും അവസാന മത്സരം ആണോ എന്ന് സംശയിച്ചു.

ഫൈനൽ ജയത്തിന് പിന്നാലെ നടന്ന വാർത്താസമ്മേളനത്തിൽ താൻ വിരമിക്കില്ല എന്ന് രോഹിത് പറഞ്ഞെങ്കിലും കോഹ്‌ലി ഒന്നും പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെ:

“ഇന്ന്, ഞാൻ നേട്ടങ്ങൾക്കുവേണ്ടിയല്ല കളിക്കുന്നത്. സന്തോഷത്തിന് വേണ്ടി മാത്രമാണ് കളിക്കുന്നത്. ആ വികാരം നിലനിൽക്കുന്നിടത്തോളം കാലം, ഞാൻ കളിക്കുന്നത് തുടരും. ഞാൻ എന്നോട് തന്നെ അത് സത്യസന്ധമായി പറയണം. രാഹുൽ ദ്രാവിഡ് ഉൾപ്പടെ ഉള്ളവരുമായി സംസാരിച്ചപ്പോൾ എനിക്ക് മനസിലായ കാര്യമാണ്.”

ആരാധകരോട് അദ്ദേഹം ഇങ്ങനെ പറഞ്ഞു:

“പരിഭ്രാന്തരാകരുത്, ഞാൻ ഒരു പ്രഖ്യാപനവും നടത്തുന്നില്ല.” അദ്ദേഹം പറഞ്ഞു.

2025 ചാമ്പ്യൻസ് ട്രോഫി സീസണിൽ ഇന്ത്യയുടെ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ കളിക്കാരനായി കോഹ്‌ലി ഫിനിഷ് ചെയ്തു. അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 54.50 ശരാശരിയിലും 82.89 സ്ട്രൈക്ക് റേറ്റിലും 218 റൺസ് അദ്ദേഹം നേടി. പാകിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരത്തിൽ 111 പന്തിൽ നിന്ന് പുറത്താകാതെ 100 റൺസ് നേടി താരം ദുബായിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ സെമിഫൈനലിൽ 98 പന്തിൽ നിന്ന് 84 റൺസ് നേടി.