പത്ത് വർഷമായി ഞങ്ങൾ സംസാരിക്കാറില്ല, എന്നോട് ബഹുമാനം ഇല്ലാത്തവരോട് എനിക്കും ഇല്ല; ഇന്ത്യൻ താരത്തെക്കുറിച്ച് ഹർഭജൻ സിംഗ് പറഞ്ഞത് ഇങ്ങനെ

ഇന്ത്യയുടെ മുൻ നായകൻ എംഎസ് ധോണി ടീമിലുണ്ടായിരുന്ന പല സീനിയർ താരങ്ങളുമായി അത്ര നല്ല രസത്തിൽ അല്ല എന്ന വാർത്തകൾ നേരത്തെ തന്നെ പുറത്ത് വന്നതാണ്. ടീം നായകൻ എന്ന നിലയിൽ ധോണി സീനിയർ താരങ്ങളിൽ ചിലർക്ക് എതിരായിരുന്നു എന്നാണ് അന്ന് വന്ന റിപ്പോർട്ടുകൾ. ഇപ്പോഴിതാ അതിലം ശരിവെച്ചുകൊണ്ട്, ഹർഭജൻ സിംഗ് രംഗത്ത് വന്നിരിക്കുകയാണ്. 2007, 2011 ലോകകപ്പുകൾ നേടിയ ടീമിന്റെ ഭാഗമായിരുപ് മുൻ ഇന്ത്യൻ താരങ്ങൾ 10 വർഷമായി സംസാരിക്കാറില്ല എന്നാണ് പറഞ്ഞത്. അവരുടെ ഭിന്നതയ്ക്ക് പിന്നിലെ കാരണം ഭാജി വെളിപ്പെടുത്തിയില്ല, എന്തിരുന്നാലും തങ്ങൾക്ക് ഇടയിൽ എല്ലാം ശരിയല്ലെന്ന് അദ്ദേഹത്തിൻ്റെ പരാമർശങ്ങൾ വ്യക്തമായി സൂചിപ്പിച്ചു.

ഫോർമാറ്റുകളിലുടനീളമുള്ള ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരിൽ ഒരാളായ ഹർഭജൻ ഇന്ത്യയെ നിരവധി മത്സരങ്ങളിൽ വിജയിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും, മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ 2011 ലോകകപ്പിൻ്റെ ഫൈനലിന് ശേഷം അദ്ദേഹത്തിന് അവസരങ്ങൾ കുറഞ്ഞു. ധോണിയുടെ തീരുമാനം ആണ് അതിന് പിന്നിൽ എന്നാണ് ഭാജിയുടെ വാക്കുകളിൽ നിന്ന് മനസിലാകുന്നത്.

“ഞാൻ എംഎസ് ധോണിയുമായി സംസാരിക്കാറില്ല . ഞാൻ ചെന്നൈയിൽ ആയിരുന്നപ്പോൾ, ഞങ്ങൾ സംഭാഷണങ്ങൾ നടത്തിയിരുന്നു, അല്ലെങ്കിൽ, ഞങ്ങൾ സംസാരിക്കാതെ 10 വർഷമായി. കാരണം എനിക്കറിയില്ല. ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി കളിക്കുമ്പോൾ മാത്രമാണ് ഞങ്ങൾ ഗ്രൗണ്ടിൽ സംസാരിച്ചത്. മത്സരം കഴിഞ്ഞാൽ പിന്നെ സംസാരം ഇല്ല ”അദ്ദേഹം ന്യൂസ് 18 നോട് പറഞ്ഞു.

“എനിക്ക് ധോണിക്കെതിരെ പ്രശ്നം ഒന്നും ഇല്ല. എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ ധോണിക്ക് അതിന് തടസമില്ല. സ്വാഗതം ചെയ്യുന്നു. എൻ്റെ കോളുകൾ എടുക്കുന്നവരാണ് എന്റെ കൂട്ടുകാർ. ഞാൻ എൻ്റെ സുഹൃത്തുക്കളുമായി നല്ല ബന്ധം പുലർത്തുന്നു. ഏത് ബന്ധവും ബഹുമാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. നിങ്ങൾ ആർക്കെങ്കിലും ബഹുമാനം നൽകുകയാണെങ്കിൽ, നിങ്ങൾക്കും അതുതന്നെ വേണം. ഞാൻ ആരെയെങ്കിലും വിളിച്ചിട്ട് അവൻ ഒന്നോ രണ്ടോ പ്രാവശ്യം എൻ്റെ ഫോൺ എടുത്തില്ലെങ്കിൽ ഞാൻ അത് നിർത്തും.” ഹർഭജൻ പറഞ്ഞു.

എന്തായാലും ഇരുവർക്കും ഇടയിൽ എല്ലാം അത്ര നല്ല രീതിയിൽ അല്ല പോകുന്നത് എന്ന് വ്യക്തമാണ്.

Read more