IPL 2025: ഇതിലും മുകളിൽ എന്ത് റിവാർഡ് കിട്ടും വിഘ്നേഷ് നിങ്ങൾക്ക്, ഇന്നലെ സ്റ്റാറായത് രണ്ട് അൺ ക്യാപ്ഡ് താരങ്ങൾ; ഞെട്ടിച്ച് ധോണി

ഇന്നലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2025 മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് മുംബൈ ഇന്ത്യൻസിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ ജയം സ്വന്തമാക്കി. മത്സരത്തിൽ നാല് വിക്കറ്റുകൾ നേടിയ ചെന്നൈയുടെ നൂർ അഹമ്മദ് കളിയിലെ താരമായെങ്കിലും ശ്രദ്ധ മുഴുവൻ നേടിയത് രണ്ട് അൺ ക്യാപ്ഡ് താരങ്ങളാണ് . ഒന്ന് ഇതിഹാസം എം എസ് ധോണിയും മറ്റൊന്ന് മുംബൈ ഇന്ത്യൻസിന്റെ യുവതാരം വിഘ്നേഷ് പുത്തൂരും.

ആദ്യം ബാറ്റ് ചെയ്ത് 155 റൺ മാത്രം നേടിയ മുംബൈ രണ്ടാം ഇന്നിങ്സിലേക്ക് വന്നപ്പോൾ രോഹിത് ശർമ്മയ്ക്ക് പകരം വിഘ്നേഷിനെ ഇമ്പാക്ട് താരമായി ഇറക്കുക ആയിരുന്നു.തന്റെ ആദ്യ ഓവറിൽ തന്നെ 53 റൺ നേടി മികച്ച ഫോമിൽ കളിച്ചിരുന്ന ചെന്നൈ നായകൻ ഋതുരാജിനെ താരം മടക്കി. പിന്നാലെവമ്പനടിക്കാരായ ശിവം ദുബെയെയും ദീപക് ഹൂഡയെയും പുറത്താക്കി 4-0-32-3 എന്ന കണക്കുകൾ നേടി സ്പെൽ അവസാനിപ്പിച്ചു.

മത്സരം തോറ്റെങ്കിലും ഇതുവരെ ഫസ്റ്റ് ക്ലാസ് മത്സരം പോലും കളിക്കാതെ മുംബൈ സ്‌കോട്ടിങ് ടീമിന്റെ മികവിൽ ടീമിൽ എത്തിയ വിഘ്‌നേഷ് താരമായിരിക്കുകയാണ്. മൂന്ന് വിക്കറ്റ് നേടിയ യുവബോളർക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദനം കിട്ടുമ്പോൾ അയാൾക്ക് അതിനേക്കാൾ വലിയ സന്തോഷമാണ് ധോണി നൽകിയത്.

തകർപ്പൻ പ്രകടനം നടത്തിയതിന് പിന്നാലെ താരത്തിന്റെ തോളിൽ തട്ടി അഭിനന്ദിച്ച ധോണി താരവുമായി ചിരിച്ചുകൊണ്ട് സംസാരിക്കുന്ന വിഡിയോയും ഇപ്പോൾ വൈറലാണ്. മൂന്ന് വിക്കറ്റുകൾ നേടിയതിനേക്കാൾ വലിയ സന്തോഷമാണ് താരത്തിന്റെ മുഖത്ത് ആ സമയം ഉണ്ടായതെന്നാണ് ആരാധക കണ്ടുപിടുത്തം.

എന്തായാലും ധോണിയുടെ അഭിനന്ദനം നേടിയ പയ്യൻ വരും മത്സരങ്ങളിലും ഞെട്ടിക്കും എന്നാണ് പ്രതീക്ഷ.

Read more