'കലിംഗയിൽ ഇഞ്ചോടിഞ്ച് പോരാട്ടം'; റഫറിയുടെ ചതിക്ക് ഒടുവിൽ കേരള, ഒഡിഷ മത്സരം സമനിലയിൽ

റഫറിയുടെ തീരുമാനം കൊണ്ട് വിജയം നഷ്ടമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഐഎസ്എലിൽ ഇന്ന് കരുത്തരായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയും ഒഡിഷ എഫ്സിയും തമ്മിൽ നടന്ന മത്സരം സമനിലയിൽ കലാശിച്ചു. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതമാണ് നേടിയത്. മത്സരത്തിൽ പൂർണ ആധിപത്യം സ്ഥാപിച്ചത് ഒഡിഷ തന്നെ ആയിരുന്നു. 51 ശതമാനം പോസ്സെഷനും അവരുടെ കൈയിൽ ആയിരുന്നു. ആദ്യ പകുതിയുടെ ആരംഭം മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് ആക്രമിച്ചാണ് കളിച്ചത്. അതിന്റെ ഫലമായി രണ്ട് ഗോളുകളുടെ ലീഡ് ഉയർത്താൻ സാധിച്ചെങ്കിലും ആദ്യ പകുതിയുടെ 29, 36 മിനിറ്റുകളിൽ ഒഡിഷ തിരിച്ചടിക്കുകയായിരുന്നു.

ബ്ലാസ്റ്റേഴ്സിന് വേണ്ടി നോവ സധൂയിയും, ജീസസ് ജിമെനെസും ഓരോ ഗോളുകൾ വീതം നേടി ടീമിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. ഒഡിഷയ്ക്ക് വേണ്ടി അലക്സാണ്ടറെയും, ഡിയെഗോയും ആണ് ഗോളുകൾ നേടിയത്. രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താൻ സാധിച്ചില്ല. ഒരുപാട് മികച്ച മുന്നേറ്റങ്ങൾക്ക് ഒഡിഷ ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ ശക്തിയുടെ മുൻപിൽ അവർ അടിയറവ് പറയുകയായിരുന്നു.

ഇന്ന് നടന്ന മത്സരത്തിൽ വിജയിക്കേണ്ടത് ബ്ലാസ്റ്റേഴ്‌സ് താനെ ആയിരുന്നു. ഒഡീഷ്യൻ ബോക്സിൽ ബ്ലാസ്റ്റേഴ്സിന്റെ നോവ സധൂയിയെ ഫൗൾ ചെയ്യുകയായിരുന്നു. എന്നാൽ റഫറി അത് പെനാൽറ്റി നൽകിയില്ല. അതിലെ വിവാദങ്ങൾക്ക് ഇപ്പോൾ ആരംഭം ആയിട്ടുണ്ട്. റഫറി കോഴ വാങ്ങിയെന്ന് ആരോപിച്ച് ആരാധകർ രംഗത്ത് എത്തുകയാണ്.

ഐഎസ്എൽ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനത്താണ് തുടരുന്നത്. നാല് മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്‌സ് ഒരു മത്സരം തോൽക്കുകയും, രണ്ട് മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയും, ഒരു മത്സരം മാത്രം വിജയിക്കുകയും ചെയ്തിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം മൊഹമ്മദൻ എസ്‌സി ആയിട്ട് ഒക്ടോബർ 20 നാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.